ഓണത്തിന് സൗജന്യ ഭക്ഷ്യധാന്യകിറ്റ് നല്‍കാന്‍ ആലോചന

single-img
18 July 2020

എല്ലാ കുടുംബങ്ങള്‍ക്കും ഓണത്തിന് സൗജന്യ ഭക്ഷ്യധാന്യകിറ്റ് നല്‍കാന്‍ പൊതുവിതരണവകുപ്പ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതികൂടി ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ വര്‍ഷം ഓണക്കിറ്റ് നല്‍കിയിരുന്നില്ല. 

സാമ്പത്തിക ബാധ്യതയാകുമെന്ന് പറഞ്ഞാണ് കഴിഞ്ഞവര്‍ഷം മുന്‍ഗണനാ വിഭാഗത്തിനുപോലും ഓണക്കിറ്റ് നല്‍കാതിരുന്നത്. കോവിഡ് നിയന്ത്രണ വിധേയമല്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഓണക്കിറ്റ് നല്‍കണമെന്നാണ് പൊതുവിതരണ വകുപ്പിന്റെ നിലപാട്. 700 കോടി രൂപയാണ് 88 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി വേണ്ടി വരിക. 

ഇതിന് ധന വകുപ്പിന്റെ അംഗീകാരം ലഭിക്കണം. കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സമയത്ത് എല്ലാ വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കിയിരുന്നു. ഈ മാസം 15 രൂപ നിരക്കിലുള്ള അരി മുഴുവന്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്കും ഉണ്ടാവില്ല. മേയ്, ജൂണ്‍ മാസങ്ങളില്‍ വാങ്ങാത്തവര്‍ക്ക് മാത്രമാവും ഈ മാസം വാങ്ങാനാവുക. ഒരുമാസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് 10 കിലോയും രണ്ടുമാസം വാങ്ങാത്തവര്‍ക്ക് 20 കിലോയുമാണ് ലഭിക്കുക. 

30 കിലോ വാങ്ങാന്‍ കഴിയുമെന്ന രീതിയില്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഇത് പിന്നീട് 20 കിലോയാക്കി തിരുത്തി.