തീരപ്രദേശം ലോക് ഡൗണിലേക്ക്: സ്ഥിതി നിയന്ത്രണാതീതം

single-img
18 July 2020

തലസ്ഥാനനഗരത്തിനോട് ചേർന്ന തീരദേശത്ത് കോവിഡ് സമൂഹവ്യാപനമുണ്ടായെന്ന് സർക്കാർ വെളിപ്പെടുത്തിയതോടെ ലോക് ഡൗണിന് സാധ്യതയേപറി. സംസ്ഥാനത്ത് ആദ്യമായാണ് സമൂഹവ്യാപനം ഉണ്ടാകുന്നത്. നഗരത്തോട് ചേർന്നുകിടക്കുന്ന പൂന്തുറ, വിഴിഞ്ഞത്തിനടുത്തെ പുല്ലുവിള എന്നീ തീരപ്രദേശങ്ങളിലാണ് രോഗവ്യാപനം അതിതീവ്രമായി പടർന്ന് സമൂഹവ്യാപനത്തിലേക്ക് എത്തിയത്. 

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് മാത്രം 1006 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 813 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നതാണ് ആരോഗ്യപ്രവർത്തകരെയടക്കം ഞെട്ടിച്ചിരിക്കുന്നത്. 1491 പേരാണ് ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

നഗരപരിധിയിൽ പൂന്തുറയിൽ സമൂഹവ്യാപനമുണ്ടായത് ഭീതിയുണർത്തിയിട്ടുണ്ട്. നഗരത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്ന രോഗികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. തീരമേഖലയിൽ രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ റോഡുകൾ അടച്ചിടാൻ തീരുമാനമെടുത്തിട്ടുണ്ട്. 

പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയാണ് തലസ്ഥാനജില്ലയിലെ തീരദേശ ഗ്രാമങ്ങൾ വ്യാപിച്ചു കിടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി അടച്ചിട്ട് പ്രതിരോധപ്രവർത്തനങ്ങൾ നടത്തും. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കൂടുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. മേഖലയിൽ കൂടുതൽ പരിശോധന നടത്തണമെന്നാണ് ആവശ്യം. 

ജനസാന്ദ്രതയേറിയ തീരദേശത്ത് ബോധവത്‌കരണവും നിയന്ത്രണങ്ങളും കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മീൻപിടിത്തം പൂർണമായി നിരോധിച്ചാണ് മേഖലയിലെ പ്രവർത്തനം.