വര്‍ഷയ്ക്ക് ലഭിച്ച പണത്തില്‍ ഹവാല ഇടപാട് സംശയിക്കുന്നില്ല; ഫിറോസ്‌ ഉള്‍പ്പെടെ എല്ലാവരുടെയും മുൻ പണമിടപാടുകൾ പരിശോധിക്കും: വിജയ് സാഖറെ

single-img
18 July 2020

വർഷ എന്ന പെൺകുട്ടിക്ക് അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്ന പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ അറിയിച്ചു.

ആരോപണ വിധേയനായ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെയുള്ള എല്ലാവരുടെയും മുൻ പണമിടപാടുകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്ക് സഹായമായി വർഷയുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം പൂർണ്ണമായി വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പണം ഇടപാടിൽ ഹവാല ഇടപാട് സംശയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നിലവിൽ കേസിൽ പ്രതിസ്ഥാനത്തുള്ളവർക്കെതിരെ വർഷയെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയതിനും അന്വേഷണം നടത്തുന്നുണ്ട്.വർഷ നൽകിയ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

വർഷയുടെ അമ്മയായ അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിലഭിച്ച തുകയുടെ പേരിലാണ് തർക്കവും ഉണ്ടായിരിക്കുന്നത്.