വനംകൊള്ളക്കാരൻ വീരപ്പൻ്റെ മകള്‍ വിദ്യാറാണി യുവമോർച്ച സംസ്ഥാന വെെസ് പ്രസിഡൻ്റ്

single-img
17 July 2020

വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാറാണിയെ യുവമോര്‍ച്ച തമിഴ്‌നാട് സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി നിയമിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. വിദ്യാറാണിയുടെ നിയമനത്തിന് പുറമേ, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം ജി ആറിന്റെ വളര്‍ത്തുമകള്‍ ഗീത മധുമോഹന്‍, എംജിആറിന്റെ സഹോദരന്റെ കൊച്ചുമകന്‍ ആര്‍  പ്രവീണ്‍ എന്നിവരെ ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

നടന്‍ ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരന്‍, നടന്മാരായ രാധാ രവി, വിജയകുമാര്‍ എന്നിവര്‍ക്ക് നിര്‍വാഹക സമിതി ഓര്‍ഗനൈസര്‍മാര്‍ എന്ന പ്രത്യേക പദവിയും നല്‍കി. 

വീരപ്പന്റെ രണ്ട് പെണ്‍മക്കളില്‍ മൂത്തയാളാണ് വിദ്യാറാണി. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ പെണ്ണാഗരത്തില്‍നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.  എംജിആറിന്റെ ഭാര്യ ജാനകിയുടെ സഹോദരന്‍ നാരായണന്റെ മകളായ ഗീത മലയാളം, തമിഴ് സീരിയല്‍ നടനും സംവിധായകനുമായ മധുമോഹന്റെ ഭാര്യയാണ്. 2017ലാണ് ഗീത ബിജെപി യില്‍ ചേരുന്നത്.

 എംജിആറിന്റെ മൂത്തസഹോദരന്‍ ചക്രപാണിയുടെ മകള്‍ ലീലാവതിയുടെ മകനായ പ്രവീണും ഗീതയ്‌ക്കൊപ്പമാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ധനുഷിന്റെ അച്ഛന്‍ കസ്തൂരിരാജയ്ക്ക് ബിജെപിയില്‍ പദവി ലഭിച്ചതോടെ രജനീകാന്തും ബിജെപിയിലേക്ക് എന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. രജനീകാന്തിന്റെ മകളുടെ ഭര്‍ത്താവാണ് ധനുഷ്. ബിജെപി സംസ്ഥാന അധ്യക്ഷനായി എല്‍. മുരുകന്‍ സ്ഥാനമേറ്റതിനു ശേഷം നടത്തുന്ന രണ്ടാം ഭാരവാഹിപ്പട്ടിക പുതുക്കലാണിത്.