സ്വപ്നാ സുരേഷ് 34 മിനിട്ട് ശിവശങ്കറിനോടു സംസാരിച്ചത് കണ്ട മാധ്യമങ്ങൾ അവർ 105 മിനിട്ട് മറ്റൊരാളോടു സംസാരിച്ചത് എന്തുകൊണ്ടു കണ്ടില്ല?

single-img
17 July 2020

സ്വർണ്ണ കള്ളക്കടത്തു കേസിലെ സ്വപ്ന സുരേഷിൻ്റെയും സരിത്തിൻ്റെയും കോൾ ലിസ്റ്റുകൾ സമൂമാധ്യമങ്ങളിൽ ഇന്ന് ചർച്ചാ വിഷയമാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പല പ്രമുഖരും ഈ കോൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളതും യാഥാർത്ഥ്യമാണ്. എന്നാൽ ഈ കോൾ ലിസ്റ്റുകൾ മുൻനിർത്തി ചില സംശയങ്ങൾ പൊതുജനങ്ങൾക്കിടയിൽ ഉയർന്നു വരികയാണ്. ഈ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് പ്രധാനമാണെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയങ്ങളെ സ്പർശിക്കുന്നില്ല എന്നുള്ളതാണ് ഏറെ കൗതുകകരം. 

കള്ളക്കടത്ത് സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലോടെയാണ് ഇപ്പോഴത്തെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതെന്നുള്ളതാണ് വസ്തുത. ഇവിടെയാണ് ഒരു പ്രധാനകാര്യം ചോദ്യമായി ഉയരുന്നത്. ഉന്നതൻ സമ്മർദ്ദം ചെലുത്തണമെങ്കിൽ ഉന്നതനെ ആ വിവരം ആരെങ്കിലും അറിയിക്കണം. അതെങ്ങനെയായിരുന്നു എന്ന് ഏതെങ്കിലും മാധ്യമങ്ങൾ വ്യക്തമാക്കിയതായി സൂചനകളുമില്ല. ഇനി കോൾ ലിസ്റ്റിൻ്റെ വഴിയെ നമുക്കൊന്നു പോയി നോക്കാം. സ്വർണമടങ്ങിയ ബാഗേജ് വിമാനത്താവളത്തിലെത്തിയത് 2020 ജൂൺ 24നാണ്. അതേസമയം കഴിഞ്ഞ ദിവസം രാജ്യം വിട്ട കോൺസുലേറ്റ് ഉന്നതൻ്റെ ഏഴിൽ തുടങ്ങി ഒന്നിൽ അവസാനിക്കുന്ന നമ്പരിൽ നിന്ന് സ്വപ്ന സുരേഷിന്റെ ഫോണിലേയ്ക്ക് അന്നത്തെ ദിവസം ആദ്യത്തെ കോളെത്തുന്നത് ഉച്ചയ്ക്ക് 12.51നാണ്. 46 സെക്കൻഡ് ദൈർഘ്യമുള്ളതായിരുന്നു ആ കോൾ.

ആ കോളിനു ശേഷം, സ്വപ്ന സുരേഷിന്റെ ഫോണിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുടെയെങ്കിലും നമ്പരിലേയ്ക്ക്, ലാൻഡ് ലൈനിലേയ്ക്കോ മൊബൈൽ നമ്പരിലേയ്ക്കോ ഒരു ഔട്ട് ഗോയിംഗ് കോൾ പോയിട്ടുണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകർ ആദ്യം പരിശോധിക്കേണ്ടിയിരുന്നത്. അതിനുത്തരവുമായിട്ടു വേണം ഈ വിവാദങ്ങൾ ഉണ്ടാകേണ്ട കാര്യമുണ്ടായിരുന്നോ എന്നു പരിശോധിക്കേണ്ടതും. 24-6-2020നു ശേഷം 05-7-2020 വരെ സ്വപ്ന സുരേഷിൻ്റെ ഫോണിൽ നിന്നുള്ള ഔട്ട് ഗോയിംഗ് കോളുകളുടെ എണ്ണം 113 ആണ്. 12889 സെക്കൻഡ് ദൈർഘ്യമുള്ള 113 കോളുകൾ. അതിലൊരെണ്ണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുടെയെങ്കിലും നമ്പരിലേയ്ക്ക് പോയിട്ടുണ്ടോ എന്നായിരുന്നില്ലേ ആദ്യം അന്വേഷിക്കേണ്ടത്? 

ഇപ്പോൾ ഒന്നാം പ്രതിയായിട്ടുള്ള സരിത്താണ് എം ശിവശങ്കറിൻ്റെ സുഹൃത്ത് വലയത്തിലുള്ള സ്വർണക്കടത്തു പ്രതി. സരിത്തിൻ്റേതായി പുറത്തു വന്ന കോൾ ലിസ്റ്റ് പ്രകാരം 2020 ജൂൺ ഒന്നിന് രാത്രി 11.55നാണ് അയാൾ എം ശിവശങ്കറിനെ വിളിച്ചിരിക്കുന്നത്. 9 മിനിട്ട് നീണ്ടു നിന്ന കോൾ. അതിനുശേഷം അവർ തമ്മിൽ ഇപ്പോൾ പുറത്തുവന്ന പട്ടികയിലെ നമ്പരുകളിൽ പരസ്പരം സമ്പർക്കമുണ്ടായിട്ടില്ലെന്നുള്ളതും ശ്രദ്ധിക്കണം. അതിനർത്ഥം, വിമാനത്താവളത്തിൽ സ്വർണം തടഞ്ഞുവെയ്ക്കപ്പെട്ട വിവരം സ്വപ്ന സുരേഷിന്റെയോ സരിത്തിൻ്റെയോ ഇതുവരെ പുറത്തുവന്ന കോൾ ലിസ്റ്റിലെ നമ്പർ വഴി കൈമാറിയിട്ടില്ല എന്നാണ്. വിവരം അറിഞ്ഞിട്ടു വേണമല്ലോ ഉന്നതന് സമ്മർദ്ദം ചെലുത്താൻ. സ്വർണമടങ്ങിയ പെട്ടി തടഞ്ഞുവെയ്ക്കപ്പെട്ടു എന്ന വിവരം എങ്ങനെയാണ് ഇവർ എം ശിവശങ്കറിനോ അല്ലെങ്കിൽ സമാന പദവിയിലിരിക്കുന്ന മറ്റൊവരു ഉന്നതനോ കൈമാറിയത്? ഇക്കാര്യത്തിൽ വസ്തുതാപരമായ ഒരു വ്യക്തത ആവശ്യമുണ്ടെന്നു വ്യക്തം. 

സ്വപ്ന സുരേഷിന്റെ നമ്പരിൽ നിന്നും 1-6-2020 മുതൽ 8-7-2020 വരെയുള്ള ഫോൺ കോൾ വിവരങ്ങളാണ് പുറത്തുവന്നത്. ഇതു പ്രകാരം എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ 16 തവണയാണ് ഫോൺ സമ്പർക്കം നടന്നിരിക്കുന്നത്. ഈ പതിനാറ് തവണയായി സംസാരിക്കാൻ ആകെ 34 മിനിട്ടും 26 സെക്കൻഡുമാണ് എടുത്തത് എന്ന വിവരം കൂടി അതിനൊപ്പം റിപ്പോർട്ടു ചെയ്യേണ്ടതായിരുന്നു. ആകെ നടത്തിയ മൂവായിരത്തിലേറെ കോളുകളിൽ കഷ്ടിച്ച് അര മണിക്കൂർ മാത്രം ദൈർഘ്യമുള്ള 16 കോളുകൾ മാത്രം എടുത്തു പറയുകയാണ് യഥാർത്ഥത്തിൽ മാധ്യമങ്ങൾ ചെയ്തിരിക്കുന്നത്. അതെന്തിനു വേണ്ടിയാണെന്നുള്ളത് മലയാളികൾക്ക് സ്വാഭാവികമായും മനസ്സിലാകുകയും ചെയ്യും. 

പക്ഷേ, ഈ പതിനാറ് കോളുകൾ മഹാസംഭവമായി അവതരിപ്പിക്കുമ്പോൾ, ഡിപ്ലോമാറ്റിക് ബാഗേജ് വിമാനത്താവളത്തിൽ എത്തിയ ദിവസം മുതൽ മുകളിൽ പരാമർശിച്ച രാജ്യം വിട്ട കോൺസുലേറ്റ് ഉദ്യോഗസ്ഥൻ്റെ നമ്പരും സ്വപ്ന സുരേഷിന്റെ നമ്പരും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് 72 തവണയാണ്.  24-6-2020 മുതൽ 5-7-2020 വരെ 72 തവണ ഇവർ തമ്മിൽ ഫോൺ സമ്പർക്കമുണ്ടായിട്ടുണ്ട്. 6315 സെക്കൻഡ് അതായത് 105 മിനിട്ട് ദൈർഘ്യമുള്ള കോളുകൾ. ഈ കോളുകളിൽ 13 എണ്ണം മാത്രമാണ് ഔട്ട് ഗോയിംഗ്. ഈ വിളികളും സ്വർണക്കടത്തും തമ്മിലുള്ള ബന്ധം എന്തുകൊണ്ടാണ് പ്രാധാന്യത്തോടെ സംശയിക്കപ്പെടാതെ പോകുന്നതെന്നുള്ളതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. 

സ്വർണമടങ്ങിയ പെട്ടി തടഞ്ഞുവെയ്ക്കപ്പെട്ട 24-6-2020 മുതൽ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും ഫോണുകളിലേയ്ക്ക് വന്നതും പോയതുമായ എല്ലാ കോളുകളും സംശയാസ്പദമാവുകതന്നെ വേണം. എന്നാൽ ചലത് മാത്രം മസാല ചേർത്തു വിളമ്പുകയും മറ്റുചിലത് സ്പർശിക്ക പോലും ചെയ്യാതെ വിടുന്നതും കാണുമ്പോഴാണ് സംശയങ്ങൾ മുളപൊട്ടുന്നത്. വിചാരണയ്ക്കു മുന്നേ കുറ്റവാളിയെ തൂക്കിക്കൊല്ലുന്ന ഈ നടപടിയിലൂടെയാണ് ചില മാധ്യമങ്ങൾ സത്യങ്ങൾ മറയ്ക്കുന്നതെന്നു തന്നെ പറയേണ്ടിവരും.