കിം ജോങ് ഉന്നിന്റെ സഹോദരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ

single-img
17 July 2020

ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരിയായ കിം യോ ജോങിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണകൊറിയ. രണ്ട് രാജ്യങ്ങളുടെയും സമാധാന ചര്‍ച്ചകള്‍ നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്ഥാപിച്ച സഹകരണ ഓഫീസ് തകര്‍ത്ത സംഭവത്തിലാണ് കിം യോ ജോങിനെതിരെ അന്വേഷണം നടത്താന്‍ ദക്ഷിണ കൊറിയ ഒരുങ്ങുന്നത്.

നിലവില്‍ നോര്‍ത്ത് കൊറിയയില്‍ കിമ്മിന്റെ പ്രതിനിധിയും പോളിസി കോര്‍ഡിനേറ്ററും പാര്‍ട്ടി ഡെപ്യൂട്ടി ഡിപാര്‍ട്മെന്റ് ചീഫ് സ്ഥാനവും വഹിക്കുന്ന വ്യക്തിയാണ് കിം യോ ജോങ്.ദക്ഷിണ കൊറിയയിലെ സിയൂള്‍ കേന്ദ്രീകരിച്ചുള്ള ഒരു അഭിഭാഷകനില്‍ നിന്നാണ് സിയൂള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് പ്രോസിക്യൂട്ടര്‍ക്ക് ക്രിമിനല്‍ കേസ് പരാതി ലഭിച്ചിരിക്കുന്നത്. ഈ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.

തകര്‍ക്കപ്പെട്ട ഓഫീസ് ദക്ഷിണ കൊറിയയുടെ ഫണ്ടുപയോഗിച്ചാണ് നവീകരിച്ചതെന്നും അതുകൊണ്ടുതന്നെ ഓഫീസ് ഉത്തരകൊറിയയിലാണെങ്കിലും ഉടമസ്ഥാവകാശം ദക്ഷിണകൊറിയക്കാണെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാസത്തിലാണ് ഉത്തരകൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള സമവായ ശ്രമങ്ങളുടെ ഭാഗമായി 2018 ല്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയായ കെയ്‌സൊങില്‍ സംയുക്തമായി സ്ഥാപിച്ച ഓഫീസാണിത്. നോര്‍ത്ത്കൊ റിയക്കതിരെയുള്ള ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും വരുന്നതായി ബന്ധപ്പെട്ട് വന്ന തര്‍ക്കങ്ങളാണ് ഓഫീസ് തകര്‍ക്കുന്നതിലേക്ക് എത്തിച്ച കാരണം.