കോവിഡ് കെയര്‍ സെന്ററില്‍ ഭക്ഷണവും വെള്ളവുമില്ല; നൂറോളം കോവിഡ് രോഗികള്‍ ദേശീയ പാത ഉപരോധിച്ചു

single-img
17 July 2020

കോവിഡ് രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന പരാതിയുമായി നൂറോളം രോഗികള്‍ ദേശീയ പാത ഉപരോധിച്ചു. അസമിലുള്ള കാംരൂപ് ജില്ലയിലാണ് ഇത്തരത്തില്‍ നൂറോളം കോവിഡ് രോഗികള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന് ദേശീയപാത ഉപരോധിച്ചത്.

ഇന്നലെയായിരുന്നു കോവിഡ് രോഗികളുടെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ഉണ്ടായ ഉടന്‍തന്നെ കാംരൂപ് ഡപ്യൂട്ടി കമ്മീഷണര്‍ കൈലാസ് കാര്‍ത്തിക് സ്ഥലത്ത് എത്തുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി രോഗികളോട് മടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.സംഭവം വിവാദമായപ്പോള്‍ കോവിഡ് കെയര്‍ സെന്ററിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ രോഗികള്‍ക്ക് വീടുകളിലേക്ക് മടങ്ങാമെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

ഏതെങ്കിലും കാരണത്താല്‍ രോഗികള്‍ക്ക് കോവിഡ് കെയര്‍ സെന്ററില്‍ കഴിയാന്‍ താത്പര്യമില്ലെങ്കില്‍ അവര്‍ക്ക് സത്യവാങ്മൂലം ഒപ്പുവെച്ച ശേഷം ഹോം ക്വാറന്റീന്‍ തിരഞ്ഞെടുക്കാവുന്നതാണെന്നും മന്ത്രി അറിയിക്കുകയുണ്ടായി. സംസ്ഥാനമാകെ ആരോഗ്യപ്രവര്‍ത്തകര്‍ വിശ്രമം ഇല്ലാതെ – രാവും പകലുമില്ലാതെ പണിയെടുക്കുകയാണ് ചില സ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ എത്തിക്കാന്‍ വൈകിയിട്ടുണ്ടാകാം എന്നും മന്ത്രി അറിയിച്ചു.