കർഷക ദമ്പതിമാർ വിഷം കഴിച്ച സംഭവം ; കലക്ടർക്കും എസ്‌പിക്കുമെതിരെ നടപടി

single-img
17 July 2020

മധ്യപ്രദേശിൽ സർക്കാർ ഭൂമി കൈയേറ്റം ചെയ്തതായി ആരോപിച്ച് റവന്യൂ വകുപ്പ് നടപടിയെടുത്തതിനെത്തുടർന്ന്‌ കര്‍ഷക ദമ്പതിമാര്‍ ആത്മഹത്യക്ക്‌ ശ്രമിച്ച സംഭവത്തിൽ അധികൃതർക്കെതിരെ നടപടി. ഗുണ ജില്ലാ കലക്ടർ എസ്‌ വിശ്വനാഥൻ, എസ്‌പി തരുൺ നായക്‌ എന്നിവരെ തൽസ്ഥാനത്തുനിന്ന്‌ നീക്കി.

ദളിത്‌ കര്‍ഷക ദമ്പതിമാരായ രാജ്കുമാർ അഹിർവാറിനെയും ഭാര്യ സാവിത്രിയെയും പൊലീസ്‌ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്‌ വന്നതോടെയാണ് നടപടി.

എന്നാൽ പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇവരെ മര്‍ദിച്ചിട്ടില്ല എന്നും കീടനാശിനി കുടിച്ച ഇവരെ ആശുപത്രിയിലെത്തിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും ആണ്‌ പൊലീസ്‌ പറയുന്നത്. പൊലീസ് അവരെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നു എങ്കിൽ അവര്‍ മരിക്കുമായിരുന്നുവെന്നാണ് ഗുണ ജില്ലാ കലക്ടര്‍ പ്രതികരിച്ചത്.

പുറത്ത് വന്ന ദൃശ്യങ്ങളിൽ ലാത്തികൊണ്ട് രാജ്‌കുമാറിനെയും സാവിത്രിയെയും ക്രൂരമായി മര്‍ദിക്കുന്നത്‌ കാണാം. പതിവുപോലെ ഇത്തവണയും അഞ്ചര ഏക്കര്‍ സ്ഥലത്താണ് ഇവർ കൃഷിയിറക്കിയത്‌. കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി സര്‍ക്കാര്‍ ഭൂമിയാണെന്നും ഒഴിയണമെന്നും ആവശ്യപ്പെട്ടു‌. എന്നാൽ വിളവെടുപ്പ് അടുക്കാറായെന്നും അതുവരെ സമയം തരണം എന്ന രാജ്‌കുമാറിന്റെയും സാവിത്രിയെയും അഭ്യർഥന ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. കൃഷി പൂര്‍ണമായും ഉദ്യോഗസ്ഥര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു. ഇതേത്തുടർന്നാണ് ഇവർ‌ മക്കളുടെ മുന്നിൽവച്ച്‌ വിഷം കഴിച്ചത്‌.