സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേർക്ക് കോവിഡ്: ഒരാൾ മാസങ്ങളായി വീടിനു പുറത്തിറങ്ങാത്തയാൾ

single-img
17 July 2020

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവിനും (46) കൊച്ചി വൈപ്പിന്‍ കുഴുപ്പിളളി സ്വദേശിനി സിസ്റ്റര്‍ ക്ലെയറിനും (73) പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും ഉറവിടം വ്യക്തമായിട്ടില്ല. 

ഗള്‍ഫില്‍ നിന്ന് അടുത്തിടെയാണ് ഷിജു നാട്ടില്‍ എത്തിയത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തി ഉടനെ തന്നെ മരണം സംഭവിക്കുകയായിരുന്നു.

കാഞ്ഞൂര്‍ എടക്കാട്ട് സ്വദേശിയായ സിസ്റ്റര്‍ ക്ലെയര്‍ രണ്ടര വര്‍ഷമായി കുഴുപ്പിള്ളി കോണ്‍വെന്റിലെ അന്തേവാസിയാണ്. പുറത്ത് ഒരിടത്തും പോകാറില്ല. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികില്‍സയിലായിരുന്നു. 

ബുധനാഴ്ച പനിയെത്തുടര്‍ന്നാണ് പഴങ്ങനാട് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. രാത്രി ഒമ്പതുമണിയോടെ മരിച്ചു. സിസ്റ്ററുടെ മരണത്തെ തുടര്‍ന്ന് കോണ്‍വെന്റില്‍ താമസിച്ചിരുന്ന മറ്റ് സിസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 17 ഓളം പേരെ ക്വാറന്റീനിലാക്കി.