നടക്കുന്നത് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം; പാര്‍ട്ടിയുടെ എല്ലാ പിന്തുണയും സർക്കാരിന്: കോടിയേരി ബാലകൃഷ്ണന്‍

single-img
17 July 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും മുൻകാലങ്ങളിലും അങ്ങനെയാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിൽ മാർഗനിർദ്ദേശം നൽകുക മാത്രമേ ചെയ്യറുള്ളൂ. ഇതുവരെ പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണമില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും കോടിയേരി അറിയിച്ചു. കേരളത്തില്‍ സർക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു എന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷത്തിന്റെ കള്ളത്തരം തുറന്നുകാട്ടുന്ന വിശദീകരണം ജനങ്ങൾക്കിടയിൽ പാർട്ടി തന്നെ നടത്തും. ഈ വിഷയത്തില്‍ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റങ്ങൾ ആവശ്യമില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റില്ല – കോടിയേരി പറഞ്ഞു.

സ്വർണക്കടത്ത് കേസില്‍ ഉണ്ടായിട്ടുള്ള ആരോപണങ്ങൾ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും ശ്രമങ്ങളുടെ ഭാഗമാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനും സർക്കാരിനെതിരായ കള്ളപ്രചാരവേലകൾക്കെതിരായും സിപിഎം ഓഗസ്റ്റ് ആദ്യം മുതൽ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ വിശദീകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുഡിഎഫ് ഭരണ കാലത്തെ സോളാർ കേസുമായി സ്വർണക്കടത്ത് വിവാദങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും പാർട്ടി നൽകുന്നു. ആദ്യം ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾ തന്നെ അദ്ദേഹത്തെ മാറ്റിയിരുന്നു. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് ഇത്തരം ബന്ധങ്ങൾ ഉണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ സർക്കാർ നടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ അങ്ങനെയൊരു റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല.

കേരളത്തില്‍ എംഎൽഎമാരെ കൂറുമാറ്റിക്കൊണ്ട് കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ബിജെപിക്കറിയാം. അതിനാല്‍ അക്രമസമരങ്ങൾ നടത്തുക വഴി കേന്ദ്രസർക്കാരിന്റെ ഇടപെടലില്‍ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇവിടെ സംസ്ഥാനത്തേക്ക് വരുന്ന സ്വർണത്തിന്റെ നിറം ചുവപ്പാണ് എന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞത്. പക്ഷെ ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടേയും ഇതുമായി ആരോപണവിധേയരായവരേയും പരിശോധിച്ചാൽ വ്യക്തമാകുന്ന കാര്യം അതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. സ്വര്‍ണ്ണ കടത്തുകേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം വഴിതിരിച്ചുവിടുക എന്നതാണ് ബിജെപിയുടേയും കോൺഗ്രസ്സിന്റേയും മുസ്ലീം ലീഗിന്റേയും താൽപര്യം എന്നും കോടിയേരി പറഞ്ഞു.