ശ്രീരാമന്‍ വിവാദം; ഒലിക്ക് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ഇരിക്കാന്‍ ധാര്‍മ്മിക – രാഷ്ട്രീയ യോഗ്യതയില്ല: നേപ്പാളി കോണ്‍ഗ്രസ്സ്

single-img
16 July 2020

ശ്രീരാമന്റെ ജനന സ്ഥലവുമായി ബന്ധപ്പെട്ട പരാമർശത്തിൽ നേപ്പാള്‍ പ്രധാനമന്ത്രി ഒലിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷമായ നേപ്പാള്‍ കോണ്‍ഗ്രസ്സ്. ശ്രീരാമന്‍ ഇന്ത്യയിലല്ല, നേപ്പാളിലാണ് ജനിച്ചതെന്ന പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ പരാമര്‍ശത്തില്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

പരാമര്‍ശത്തെ തുടര്‍ന്ന്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ഇരിക്കാന്‍ ഒലിയ്ക്ക് ധാര്‍മ്മികവും രാഷ്ട്രീയവുമായ യാതൊരു യോഗ്യതയുമില്ലെന്നാണ് നേപ്പാളീ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിന് നേപ്പാളീ കോണ്‍ഗ്രസ്സ് വക്താവ് ബിഷ്വോ പ്രകാശ് ശര്‍മ്മയാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

ഇന്ത്യയുമായുള്ള അതിര്‍ത്തി സംബന്ധമായ വിഷയത്തില്‍ നിലവില്‍ കടുത്ത അതൃപ്തിയാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ളത്. ആ സമയം തന്നെ ഇന്ത്യയുടെ മതപരമായ കാര്യത്തില്‍ വിവാദ പരാമര്‍ശം നടത്തിയതുവഴി തന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്നും പ്രധാനമന്ത്രി തെളിയിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.