ശിവശങ്കരന്റെ പ്രവൃത്തികള്‍ മുഖ്യമന്ത്രിയുടെ അറിവോടെ; മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല: രമേശ്‌ ചെന്നിത്തല

single-img
16 July 2020

സ്വർണ്ണ കടത്തുകേസിൽ സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ നിന്നും രക്ഷിക്കാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് ശിവശങ്കരനെ സർവീസിൽ നിന്ന് സർക്കാർ സസ്പെന്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

അടുത്തതായി തനിക്ക് നേരെ അന്വേഷണം നീളുന്നുവെന്ന് മനസിലായപ്പോൾ ശിവശങ്കരനെ സസ്പെന്റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കേസിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കരന്‍. കേരള മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴിവിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. മുഖ്യമന്ത്രി അറിഞ്ഞാണ് എല്ലാം ശിവശങ്കരന്‍ ചെയ്തത്. അതുകൊണ്ടുതന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല ആരോപിച്ചു.