ഓൾ ഇന്ത്യാ സർവീസിന് നിരക്കാത്ത കാര്യങ്ങൾ ഉണ്ടായി; എം ശിവശങ്കറിന് സസ്പെൻഷൻ

single-img
16 July 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന നയതന്ത്രബാഗ് വഴിയുള്ള വിവാദ സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് സസ്പെൻഷൻ. കൊവിഡ് അവലോകന യോഗശേഷം മുഖ്യമന്ത്രിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യാ സർവീസിന് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് കണ്ടെത്തിയതായും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ശേഷവും വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന സമിതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

ഉത്തരവാദിത്വമുള്ള ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ പ്രധാന കണ്ടെത്തൽ. അതേപോലെ തന്നെ ഐടി വകുപ്പുമായി ബന്ധപ്പെട്ട നിയമനങ്ങളിലും ക്രമക്കേടുള്ളതായുള്ള സൂചനയും മുഖ്യമന്ത്രി നല്‍കുകയുണ്ടായി. സ്വപ്നയുടെ നിയമനത്തില്‍ യോഗ്യതയ്ക്കായി വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്.