ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 64.64 ശതമാനവും റെഡ്‌സോണ്‍ ജില്ലകളില്‍ നിന്ന്

single-img
16 July 2020

ലോക്ഡൗണ്‍ ഇളവിൻ്റെ ഭാഗമായി കേരളത്തിലെത്തിയത് 5,81,488 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ് കൂടുതല്‍. 3,63,731 പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയത്. വിദേശത്ത് നിന്ന് 2,17,757 പേര്‍ നാട്ടില്‍ എത്തിയതായും പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്ത് എത്തിയവരില്‍ 62.55% മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. അവരില്‍ 64.64 ശതമാനം പേർ രാജ്യത്തെ റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ ആളുകളും എത്തിയതു റോഡ് മാര്‍ഗം ആണ്. 65.43 ശതമാനം പേരാണു റോഡ് വഴി എത്തിയത്. 19.64 ശതമാനം വിമാന മാര്‍ഗവും 14.18% റെയില്‍വേ വഴിയും കേരളത്തിലെത്തി.

ഹ്രസ്വകാല സന്ദര്‍ശനത്തിനായി റജിസ്റ്റര്‍ ചെയ്തത് 58,169 ആളുകളാണ്. അവരില്‍ 27,611 പേര്‍ക്ക് പാസ് ഇതിനകം അനുവദിച്ചു. പതിവു സന്ദര്‍ശനത്തിനായി അപേക്ഷിച്ചത് 19,206 ആളുകളാണ്. അവരില്‍ 8299 പേര്‍ക്ക് ഇതിനകം പാസ് അനുവദിച്ചിട്ടുണ്ട്. രണ്ടു തരം സന്ദര്‍ശകര്‍ക്കിടയിലും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിട്ടുള്ളത് തമിഴ്‌നാട്ടില്‍ നിന്നുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.