ഇനി ദെെവത്തിനു മാത്രമേ കർണ്ണാടകയെ രക്ഷിക്കാനാകു: കോവിഡ് വെെറസ് വ്യാപനത്തിൽ നിരാശനായി കർണ്ണാടക ആരോഗ്യ മന്ത്രി

single-img
16 July 2020

ദിനംപ്രതി കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതില്‍ നിരാശ പ്രകടിപ്പിച്ച് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. ഇനി ദൈവത്തിന് മാത്രമേ കര്‍ണാടകയെ രക്ഷിക്കാന്‍ സാധിക്കുകയുളളൂവെന്ന് ബി ശ്രീരാമുലു ആശങ്ക കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായുളള വിമര്‍ശനങ്ങള്‍ക്കുളള മറുപടിയായാണ് മന്ത്രിയുടെ വാക്കുകള്‍.

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഗുജറാത്തിനെ മറികടന്ന് മുന്നേറുകയാണ് കര്‍ണാടക. പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം 3000 കടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡ് കേസുകള്‍ കൂടി വരികയാണ്. മരണസംഖ്യയും ഇതൊടൊപ്പം വര്‍ധിക്കുന്നുണ്ട്. ആയിരത്തോട് അടുക്കുകയാണ്. സെപ്റ്റംബറിന്റെ തുടക്കത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടക്കുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയെ രക്ഷിക്കാന്‍ ഇനി ദൈവത്തിന് മാത്രമേ സാധിക്കുകയുളളൂവെന്ന് മന്ത്രി പറയുന്നു.ആരുടെയെങ്കിലും കൈ കൊണ്ട് തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുന്നതല്ല കോവിഡ് വ്യാപനം. അവരവര്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക. ‘നിങ്ങള്‍ക്ക് വേണമെങ്കില്‍ സര്‍ക്കാരിന്റെ വീഴചയായി ചൂണ്ടിക്കാണിക്കാം. ഏകോപനത്തിലെ പോരായ്മ, മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.എന്നാല്‍ ആരുടെയെങ്കിലും കൈ കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ സാധിക്കുന്നതല്ല കോവിഡ് വ്യാപനം’ – മന്ത്രി പറഞ്ഞു.