ഇതുകൊണ്ടൊന്നും പിണറായി വിജയന് രക്ഷപ്പെടാനാകില്ല; കെ സുരേന്ദ്രന്‍

single-img
16 July 2020

സ്വര്‍ണ്ണ കള്ളക്കടത്തുകേസിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യം കേരളത്തില്‍ ഇതേവരെ ഒരു മുഖ്യമന്ത്രിക്കും ഉണ്ടാകാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അവസാനം വരെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടും ഒടുവിൽ ഒരു ഗത്യന്തരവുമില്ലാതെയാണ് ഒടുവില്‍ മുഖ്യമന്ത്രിക്ക് ശിവശങ്കരനെ സസ്‌പെന്റ് ചെയ്യേണ്ടി വന്നതെന്നും ഇതുകൊണ്ടൊന്നും പിണറായി വിജയന് രക്ഷപ്പെടാനാകില്ലെന്നും സുരേന്ദ്രന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ തെളിവ് ലഭിക്കാതെ ശിവശങ്കരനെതിരെ നടപടിയെടുക്കാനാകില്ലെന്നാണ് പിണറായി ഇതുവരെയും പറഞ്ഞിരുന്നത്. സ്വര്‍ണ്ണം പിടിച്ചെടുത്ത കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് പത്തുമണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും ശിവശങ്കരന്‍ കുറ്റക്കാരനല്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി നിന്നിരുന്നതും.

അവസാനം രാജ്യദ്രോഹ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അകത്താകുമെന്ന ഘട്ടത്തിലെത്തിയപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നുഅദ്ദേഹം ശ്രമം നടത്തിയത്. ഈ കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിക്കും പലതും ഭയക്കാനുണ്ടെന്നാണ്.

സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരനായിരുന്നുകൊണ്ട് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ കൂട്ടു നിന്നെന്ന ആക്ഷേപം വരുമ്പോള്‍ പ്രതിയാക്കപ്പെടുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇത്രയൊക്കെ സംഭവിച്ചിട്ടും താനിതൊന്നും അറിഞ്ഞതല്ലെന്നും അന്വേഷണം വരട്ടെയെന്നുമുള്ള പിണറായിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. ഇനി ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ അര്‍ഹതയില്ല എന്നും അന്തസ്സുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.