സ്വര്‍ണ്ണ കടത്ത് കേസില്‍ വ്യാജ വാര്‍ത്ത; ജന്മഭൂമിക്കെതിരെ ഡിജിപിക്ക് പരാതിയുമായി എ സമ്പത്ത്

single-img
16 July 2020

സ്വര്‍ണ്ണ കടത്ത് കേസില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ജന്മഭൂമി പത്രത്തിനെതിരെ മുന്‍ എം പിയും ഇപ്പോൾ ഡൽഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയുമായ എ സമ്പത്ത് ഡിജിപിക്ക് പരാതി നൽകി. ‘എ സമ്പത്തും വിളിച്ചു; ജോണ്‍ ബ്രിട്ടാസിനെയും എം സി ദത്തനേയും ചോദ്യം ചെയ്യും’ എന്ന തലക്കെട്ടിൽ ജന്മഭൂമി നൽകിയ വാര്‍ത്തയ്‌ക്കെതിരെയാണ് പരാതി നല്‍കിയത്.

ജൂലൈ 10 നായിരുന്നു ജന്മഭൂമിയുടെ ഓണ്‍ലൈനില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന കാര്‍ഗോ ബാഗ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സമ്പത്ത് വിളിച്ചിരുന്നു. ഇത്തരത്തിലുള്ള ഇടപെടല്‍ എന്തിനാണെന്ന് അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വരും എന്ന രീതിയിലായിരുന്നു ഈ വാര്‍ത്തയ്ക്കുള്ളിലെ പരാമര്‍ശം.

ഈ വാര്‍ത്തയോടൊപ്പം എ സമ്പത്തിന്റെ ഫോട്ടോയും ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തിൽ തെറ്റായ വാർത്ത നൽകിയ ജന്മഭൂമിയുടെ നടപടി കേരള പോലീസ് ആക്ട് 120(0) പ്രകാരം ശിക്ഷാര്‍ഹമാണെന്ന് പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്തുത വാര്‍ത്ത വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവും മനപൂര്‍വം തന്നെ അപമാനിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.