സുരക്ഷാ ചെലവിന് സർക്കാർ മുടക്കിയ മുടക്കിയ തുക തിരിച്ചു നൽകണമെന്ന കോടതി നിർദ്ദേശം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സർക്കാരിന് നൽകേണ്ടത് 11.7 കോടി രൂപ

single-img
15 July 2020

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഭരണ അവകാശം സംബന്ധിച്ച നിർണായക  വിധിക്കൊപ്പം സുരക്ഷാ ഇനത്തില് സർക്കാർ മുടക്കിയ തുക മുഴുവൻ തിരിച്ചു നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.  ക്ഷേത്രത്തിന്റെ സുരക്ഷാ ചെലവ് ഇനത്തിൽ കേരള സർക്കാർ ഇതുവരെ മുടക്കിയത് 11.7 കോടി രൂപയാണെന്നാണ് വിവരങ്ങൾ. നിലവറകളിൽ അമൂല്യമായ വൻ ധനശേഖരമുള്ള ക്ഷേത്രത്തിന്റെ സുരക്ഷാ ചെലവ് ഇനി ക്ഷേത്രം തന്നെ വഹിക്കേണ്ടതാണെന്നും കോടതി വിധിയില് പറയുന്നുണ്ടെങ്കിലും സർക്കാർ എന്തു നിലപാടെടുക്കും എന്നുള്ളത് വ്യക്തമല്ല. 

ഇതിനിടെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ക്ഷേത്ര സുരക്ഷാ ചെലവ് ഏറ്റെടുക്കുമെന്നു കവടിയാർ കൊട്ടാരത്തിൽ രാജകുടുംബാംഗങ്ങളെ സന്ദർശിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പു നൽകിയിരുന്നു. ഇതോടെ ഈ വിഷയം സംബന്ധിച്ച് രാഷ്ട്രീയ പ്രാധാന്യം കെെവരിക്കുകയും ചെയ്തു. ഇതുവരെ സുരക്ഷാ ചുമതലയും ചെലവും ഇതുവരെ സംസ്ഥാന സർക്കാരാണു വഹിച്ചിരുന്നത്. സുരക്ഷയ്ക്കു പൊലീസ് കമാൻഡോകളെ സർക്കാർ തുടർന്നും നൽകുമെങ്കിലും ശമ്പളമടക്കം ചെലവ് കോടതിവിധി പ്രകാരം ക്ഷേത്രം സർക്കാരിനു നൽകേണ്ടി വരുമെന്നുള്ളതാണ് യാഥാർത്ഥ്യം. 

നിലവറകളിൽ വൻ നിധിയുണ്ടെങ്കിലും ലോക്ഡൗണിൽ വരുമാനം നിലച്ചതോടെ ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു ക്ഷേത്രമെന്നുള്ള റിപ്പോർട്ടുകളും നേരത്തേ പുറത്തു വന്നിരുന്നു. ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണു ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും നടത്തുന്നത്. പ്രതിമാസം ശരാശരി ഒന്നരക്കോടി രൂപയാണു വരുമാനം. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്കു തന്നെ 1.25 കോടി വേണം. 165 സ്ഥിരം ജീവനക്കാരും 115 താൽക്കാലിക ജീവനക്കാരും ഇവിടെയുണ്ട്. 

പൂജകൾക്കും മറ്റും 45 ലക്ഷം രൂപയാണു ചെലവ്. ഇതിനൊപ്പം സുരക്ഷാ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ ചെലവുകളും ഏറ്റെടുക്കേണ്ടി വന്നാൽ ക്ഷേത്രത്തിന് വലിയ ബാധ്യതയാകും. നിലവറകളിൽ അമൂല്യ നിധിശേഖരം കണ്ടെത്തിയതോടെ രാജ്യാന്തര നിലവാരത്തിലുള്ള വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2011 മുതൽ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല പൂർണമായും സംസ്ഥാന പൊലീസിനാണ്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 230 അംഗ പൊലീസ് സംഘമാണു തുടക്കത്തിൽ ഉണ്ടായിരുന്നതെങ്കിൽ പിന്നീടതു കുറച്ചു. നിലവിൽ അൻപതോളം പൊലീസ് കമാൻഡോകളും നൂറോളം പൊലീസുകാരും കാവലിനുണ്ട്.