ഞാനിപ്പോഴും കോൺഗ്രസിലാണ്, എന്നെ ബിജെപിയുമായി ബന്ധപ്പെടുത്തരുതെന്ന് സച്ചിൻ പെെലറ്റ്

single-img
15 July 2020

ബിജെപിയിലേക്ക് പോകുന്നുവെന്നുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സച്ചിന്‍ പൈലറ്റ്. ബിജെപിയില്‍ ചേരില്ലെന്ന് സച്ചിൻ പെെലറ്റ് പറഞ്ഞു. കോണ്‍ഗ്രസ് തനിക്കെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് എന്‍ഡിടിവിയോടു പറഞ്ഞു.

”ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസിലാണ്. എന്നെ ബിജെപിയുമായി ബന്ധപ്പെടുത്തുന്നത് ദുഷ്പ്രചാരണമാണ്. ബിജെപിയില്‍ ചേരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല”- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെതിരെ ഇന്നലെയാണ് കോണ്‍ഗ്രസ് നടപടിയെടുത്തത്. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ നീക്കം ചെയ്യാനാണ് പാര്‍ട്ടി തീരുമാനിച്ചത്. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.