പ്ലസ്ടു പരീക്ഷയില്‍ 85.13 ശതമാനം വിജയം, 18,510 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ്

single-img
15 July 2020

പ്ലസ്ടു പരീക്ഷയില്‍ 85.13 ശതമാനം വിജയം. 3,19,782 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വിജയ ശതമാനം 84.33 ശതമാനമായിരുന്നു. ഇത്തവണ 18,510  വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. മുന്‍ വര്‍ഷം ഇത് 14,244 ആയിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സൂചിപ്പിച്ചു. 

കോവിഡ് വ്യാപനത്തിനിടെ നടന്ന പരീക്ഷയിൽ 3,75, 655 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയശതമാനം 82.19 ശതമാനമാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ഇത് 88.01 ശതമാനമാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിജയ ശതമാനം 81.33 ശതമാനമാണെന്നും മന്ത്രി അറിയിച്ചു.

234 വിദ്യാര്‍ഥികള്‍ 1200 മാര്‍ക്ക് നേടി. 114 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 79 ആയിരുന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് എറണാകുളം ജില്ലയിലാണ്. കാസര്‍കോട് ജില്ലയാണ് ഏറ്റവും താഴെ.