അങ്കമാലിയിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: ഹോട്ടൽ അടപ്പിച്ച് സീൽ ചെയ്തു

single-img
15 July 2020

അങ്കമാലിയിൽ കുഴിമന്തി കഴിച്ച 5 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് എംസി റോഡിലെ ബദരിയ ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷണം കഴിച്ച അഞ്ചു പേരില്‍ ഒരാളെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടലിന്റെ ലൈസന്‍സ് നഗരസഭ സെക്രട്ടറി താല്‍ക്കാലികമായി റദ്ദാക്കി.

നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇന്നലെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ചിരുന്നതുമായ ആഹാരം കണ്ടെത്തിയതായി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.  ഹോട്ടലില്‍ ആഹാരം വിളമ്പുന്നതിനും പാഴ്‌സല്‍ നല്‍കുന്നതിനുമായി നിരോധിത വിഭാഗത്തില്‍പെട്ട പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. 

ഹോട്ടലിൻ്റെ അടുക്കളയുടെ തറ പൊട്ടിപ്പൊളിഞ്ഞതായും ഭിത്തികള്‍ മാറാല പിടിച്ചും വെള്ളപൂശാതെയും വൃത്തിഹീനമായും കിടക്കുന്നതായും കണ്ടെത്തി. ന്യൂനതകള്‍ പരിഹരിച്ച് നഗരസഭ ലൈസന്‍സ് പുനഃസ്ഥാപിച്ചതിനു ശേഷമേ ഹോട്ടലിന്റെയും അടുക്കളയുടെയും പ്രവര്‍ത്തനം തുടങ്ങാന്‍ പാടുള്ളൂവെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.