കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി, പുട്ട് – കടല: ക്വാറൻ്റെെനിൽ ഒറ്റയ്ക്കു കഴിയുന്ന പ്രവാസികൾക്ക് ഭക്ഷണമൊരുക്കി നാട്ടുകാർ

single-img
15 July 2020

കോവിഡ് വെെറസ് ബാധയുടെ പേരി’ൽ പ്രവാസികളെ അകറ്റി നിർത്തുന്ന വാർത്തകൾ കേരളത്തിലുമുണ്ടായത് മലയാളികളെ അത്ഭുതപ്പെടുത്തി. സംസ്ഥാനത്തിൻ്റെ സാമ്പത്തിക രംഗം പരിപോഷിപ്പിച്ച അന്യനാട്ടിൽ വയർ്പൊഴുക്കിയവരെ സ്വന്തം വീട്ടിൽ പോലും കയറ്റാതെ ചില നാട്ടുകാർ പ്രതികരിച്ചത് വൻ വിവാദവും ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാൽ പ്രവാസികളെ സ്വന്തക്കാരെന്നു വിളിച്ച് നെഞ്ചോടു ചേർക്കുകയാണ് ഒരു നാട്. കോഴിക്കോട് കായക്കോടിയിലെ കുളങ്ങരതാഴയിലാണ് ഒരു വിഭാഗം ആളുകള്‍ കോവിഡ് കാലത്ത് നന്മയുടെ വെളിച്ചമാകുന്നത്.

കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി, പുട്ട് – കടല എന്നു വേണ്ട വിഭവസമൃദ്ധമായ ഭക്ഷണമാണ് ഈ നാട് പ്രവാസികൾക്കു വേണ്ടി ഒരുക്കുന്നത്. ക്വാറന്റൈനില്‍ ഒറ്റയ്ക്ക് കഴിയുന്ന പ്രവാസികള്‍ക്കു വേണ്ടിയാണ് കുളങ്ങരതാഴയിലെ നാട്ടുകാർ സൗജന്യമായി ഭക്ഷണം നൽകുന്നത്. നാടിന്റെ വളര്‍ച്ചയ്ക്കായി നല്‍കിയ സംഭാവനകളെ മാനിച്ച് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ലാണ് വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി നല്‍കുവാൻ മുൻകെെെയെടുത്തത്. 

കോവിഡ് വെെറസ് ബാധയെ തുടർന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തി വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്കാണ് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി നല്‍കുന്നത്. 200 പേര്‍ക്കാണ് നിലവില്‍ ഭക്ഷണം നല്‍കി വരുന്നത്. നാടിൻ്റെ വികസനത്തിന് ഇവര്‍ നല്‍കിയ സംഭാവനകള്‍ മറക്കുവാൻ പാടില്ലെന്നുള്ളതാണ് നാട്ടുകാരുടെ വാദം. നാട്ടില്‍ ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനം വന്നാല്‍ ആദ്യം സഹായവുമായി ഓടിയെത്തുന്നത് പ്രവാസികള്‍ ആണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇവർക്ക് നമ്മൾ അല്ലെങ്കിൽ മറ്റാരാണ് കൂടെയുള്ളതെന്നും  ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ല് ചെയര്‍മാന്‍  ഇ അബ്ദുള്‍ അസീസ് ചോദിക്കുന്നു. 

ഈ ദൗത്യത്തിനു ഒരു നാടുമുഴുവൻ കൂടെയുണ്ടെന്നുള്ളതും പ്രത്യേകതയാണ്. കഴിഞ്ഞ 20 ദിവസമായി നടക്കുന്ന ഈ ദൗത്യത്തില്‍ സ്ത്രീകളുൾപ്പെടെയുള്ളവർ മുൻനിരയിലുണ്ട്. സ്ത്രീകള്‍ മുന്‍കൈയെടുത്താണ് ഭക്ഷണം പാചകം ചെയ്യുന്നതും വൃത്തിയായി പായ്ക്ക് ചെയ്ത് വീടുകളില്‍ എത്തിക്കുന്നതും. ഉച്ചയ്ക്കും രാത്രി 7.45നും സന്നദ്ധപ്രവര്‍ത്തകര്‍ പ്രവാസികളുടെ വീടുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കുകയാണിവിടെ. ചിലർ അകറ്റി നിർത്തുമ്പോൾ മലയാളിയുടെ പൊതു സ്വാഭാവം അങ്ങനെയല്ലെന്നു കൂടി തങ്ങളുടെ പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് ഈ നാട്ടുകാർ.