`തലസ്ഥാനത്തുള്ളവർ മാത്രം രാജഭരണത്തെ കുറിച്ച് ഊറ്റം കൊണ്ടാൽ മതി, എൻ്റെ പൂർവ്വികർക്കൊന്നും രാജാവ് ഒന്നും തന്നിട്ടുമില്ല, ഞങ്ങളൊന്നും കണ്ടിട്ടുമില്ല´

single-img
14 July 2020

ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. തിരുവനന്തപുരം ഇന്നു കാണുന്ന രീതിയിലാക്കിയത് രാജഭരണമാണെന്ന വാദമാണ് ചിലർ ഉയർത്തുന്നത്. തിരുവനന്തപുരത്തെ കൂറ്റൻ കെട്ടിടങ്ങൾ മുതൽ വികസനങ്ങൾ വരെ രാജകുടുംബം ചെയ്തതാണെന്ന അവകാശവാദമാണ് അവർ ഉയർത്തുന്നതും. ഈ വാദങ്ങൾക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് സംവിധായകൻ വിസി അഭിലാഷ്. 

വിസി അഭിലാഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

തലസ്ഥാനത്തുള്ളവർ മാത്രം രാജഭരണകാലത്തെ

സാങ്കൽപിക മഹത്വത്തെകുറിച്ച്

ഊറ്റം കൊണ്ടാൽ മതി.

മലനാട്ടിൽ ജീവിച്ചിരുന്ന

എൻ്റെ പൂർവ്വികർക്കൊന്നും

രാജാവ് ഒന്നും തന്നിട്ടുമില്ല,

ഞങ്ങളൊന്നും കണ്ടിട്ടുമില്ല.

കുതിരവണ്ടിയോടിയിരുന്ന കാലത്ത്

കവടിയാറിൽ രാജപാതയുണ്ടായത് രാജാവിനും മറ്റു സമ്പന്നർക്കും വേണ്ടിയായിരുന്നു എന്ന് മനസിലാക്കാൻ വലിയ പഠനമൊന്നും വേണ്ട.

അങ്ങനെയോരോന്നും.

പള്ളിവാസൽ മുതൽ

രാജാവ് നടപ്പിലാക്കിയ ആധുനിക പരിഷ്ക്കാരങ്ങളെല്ലാം രാജാവിൻ്റെ നിലനിൽപ്പിൻ്റെ അനിവാര്യതകളായിരുന്നു.

ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളൊക്കെ പരിശോധിച്ചു നോക്കൂ. ഇതിനേക്കാൾ മികച്ച അടിസ്ഥാന സൗകര്യങ്ങൾ അവിടങ്ങളിൽ അക്കാലത്ത് സംഭവിച്ചിരുന്നു. അക്കൂട്ടരും ‘നിലനിൽപ്പിൻ്റെ രാഷ്ട്രീയം’ പഠിച്ചിരുന്നു!

മറക്കരുത്, സമത്വസുന്ദരദേശ സങ്കൽപമൊക്കെ ഒരു രാജാവിനും സ്വപ്നം കാണാൻ പറ്റാത്ത കാര്യങ്ങളായിരുന്നു.

കൊന്നും തട്ടിപ്പറിച്ചും

രസിച്ചും സുഖിച്ചും

ഉണ്ടാക്കിതാണ്

ഒരോ രാജമഹിമയും.

ഇന്ന് പ്രളയവും കൊറോണയും നാടിനെ പട്ടിണിയുടെ ചുടലമുറ്റത്തെത്തിക്കുമ്പോൾ

നാട്ടുകാരോട് അൽപം സ്നേഹമോ കരുതലോ ഉണ്ടെങ്കിൽ നിലവറകളിൽ ഒളിപ്പിച്ചു വച്ച പണം നാടിൻ്റെ തിരിച്ചുവരവിന് വിട്ടുകൊടുകയാണ് ‘പ്രജാവത്സലർ’ ചെയ്യേണ്ടത്.

‘രാജാവ്’ എന്ന വാക്കിന് പോലുമില്ല

ഇന്ന് പ്രസക്തി.

ഇന്ത്യയെന്ന മഹത്തായ

ജനാധിപത്യ സംവിധാനത്തിൻ്റെ മാത്രം അനന്തരാവകാശികളാണ് നാം.

സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നതും അതുകൊണ്ട് തന്നെ.