സിനിമാ സംവിധായകർ ആരെങ്കിലുമുണ്ടെങ്കിൽ ഒരു കഥ പറയാൻ തയ്യാറായി പികെ സജീവ്: പേര് കവനൻ്റ്

single-img
14 July 2020

ഐക്യേരള മലഅരയ സമുദായത്തിൻ്റെ ജനറൽ സെക്രട്ടറി പികെ സജീവ് പദ്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച വിവാദങ്ങളിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭരണസംവിധാനം സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ശബരിമല ക്ഷേത്രത്തിൽ അതിൻ്റെ യഥാർത്ഥ അവകാശികളായ മലഅരയ സമുദായത്തെക്കൂടി ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. വിവാദങ്ങൾ കത്തി നിൽക്കേയാണ് വിമർശനാത്മക പോസ്റ്റുമായി ഇപ്പോൾ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. 

പികെ സജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

എൻ്റെ ഫ്രണ്ട് ലിസ്റ്റിൽ സിനിമാ സംവിധായകർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് അറിയിക്കണം .ഇല്ലെങ്കിൽ അറിയിച്ചാലും മതി.

ഒരു കഥ പറഞ്ഞു തരാനാണ്. കഥയുടെ പേര് ആദ്യം തന്നെ പറയാം ….കവനെൻ്റ്

ഭാഗം ഒന്ന്..

കേരളം, ജാതിക്കും മതത്തിനും അതീതമായി മാനവികതയും മനുഷ്യത്വവും മുൻനിർത്തി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മഹാബലി ചക്രവർത്തിയുടെ നാട് മാലോകരെല്ലാം ഒന്നുപോലെ…..

ഭാഗം 2

ജാതി മേൽക്കോയ്മകാർ സത് ഭരണം നടത്തിയിരുന്ന രാജാക്കന്മാരെ കൊല ചെയ്ത് മഹാബലി ഉൾപ്പെടെയുള്ള ചക്രവർത്തിമാരെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്നു.

ജാതി വാദികളുടെ ഭരണം നിലവിൽ വരുന്നു

അറിവിൻ്റെയും അധികാരത്തിൻ്റെയും മേഖലകളിൽ നിന്നു നിഷ്കരുണം വലിച്ചെറിയപ്പെട്ട ഒരു ജനത അടിമകളായി പുറമ്പോക്കിലാക്കപ്പെടുന്നു.അറിവു കേൾക്കുന്ന വൻ്റെ ചെവിയിലേക്ക് ഈയം ഉരുക്കി ഒഴിക്കുന്നു. തല കരവും, മുലക്കരവും, മീശ കരവും ഈടാക്കി പൊന്നുതമ്പുരാക്കന്മാർ നിലവറകളിലാക്കുന്നു അത് നിധിയായി മാറുന്നു.

ഭാഗം 3

പെരുംജീരകം മുതൽ പെണ്ണു വരെ കച്ചവടം നടത്തുന്ന, നാട്ടാരെ നാടുകടത്തുന്ന പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും ഡച്ചുകാരും പന്ത്രണ്ടര പടയാളികളുമായി കേരളത്തിലെ കാപ്പാട് എത്തുന്നു. ഇതറിഞ്ഞ് ഉടയാടകൾ ഊരിവച്ച് പരസ്പരം പോരാടിനിന്ന നാട്ടുരാജാക്കന്മാർ അടിയറവു പറയുന്നു .(ചെറുത്തു നിൽക്കുന്നവരെ പ്രത്യേകമായി കാണിക്കുകയും ചെയ്യാം)

ഭാഗം 4 ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങൾ രൂപപ്പെടുന്നു. അതിനെ ലഹളകളാക്കി ഇംഗ്ലീഷുകാർ ചരിത്രം എഴുതുന്നു. അനേകം പേർ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാകുന്നു. മഹാത്മജി സമരത്തെ ഏകോപിപ്പിക്കുന്നു ഡോ: ബി.ആർ അംബേദ്കർ

ഭരണഘടന എഴുതുന്നു. തെരഞ്ഞെടുപ്പും ഭരണപക്ഷവും പ്രതിപക്ഷവും രൂപപ്പെടുന്നു .അടിസ്ഥാന ജനവിഭാഗങ്ങൾ മതിലിനു വെളിയിൽ…

ഭാഗം 5

ജനാധിപത്യ ഭരണത്തിലും തങ്ങളുടേതായ സ്വാധീനമുറപ്പിച്ചു കൊണ്ട് പ്രത്യേക പ്രിവിലേജുകൾനേടിയെടുത്ത് രാജാക്കന്മാർ തക്കം പാർത്തിരിക്കുന്നു. ജനാധിപത്യത്തിൻ്റെ പ്രായം 70 കഴിഞ്ഞിട്ടും ‘രാജപദവിയും വിളിയും തുടരുന്നു

മഹാബലി അടക്കമുള്ളവരെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി സ്വയം നിർമ്മിച്ചെടുത്ത രേഖകൾ നിലവറയിൽ നിന്ന് ഇടക്കിടെ ആരും അറിയാതെ മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ വായിക്കുന്നു.

കവനെൻ്റ്എന്ന പേര് മാധ്യമങ്ങളും മനുഷ്യരും ചർച്ച ചെയ്യുന്നു ഭരണഘടന എന്നുള്ളതിനെ കുറിച്ച് പരിമിതമായി മാത്രം ചർച്ച

വിദേശ മാധ്യമങ്ങളിലും കവനെൻ്റ് പ്രത്യക്ഷപ്പെടുന്നു

ക്ലൈമാക്സ്

പദത്തിൻ്റെ ഉല്പത്തി തങ്ങളിൽ നിന്നാണെന്ന് ഇംഗ്ലീഷുകാർ മനസ്സിലാക്കുന്നു. അവർ കപ്പൽ കയറിയും പോർവിമാനങ്ങളിലുമായും ഇന്ത്യയിലേക്കു കുതിക്കുന്നു. കേരളം തിരക്കുന്നു ‘

200 വർഷം ഇന്ത്യ ഭരിച്ചത് തങ്ങളാണെന്നും തങ്ങളുടെ കൈകളിലാണ് യഥാർത്ഥ രേഖകൾ ഉള്ളതെന്നും മറ്റുള്ളതെല്ലാം വ്യാജമാന്നെന്നും അതിനാൽ രാജ്യഭരണം തിരികെ വേണമെന്നും ആവശ്യപ്പെടുന്നു

പെരുംജീരകം മുതൽ പെണ്ണ് വരെ കച്ചവടം നടത്തുന്നതിനുള്ള സ്വാതന്ത്ര്യവും ,ഇനിമുതൽ കേരളം തങ്ങളുടെ കോളനി ആണെന്നുമുള്ള പ്രഖ്യാപനം അവർ നടത്തുന്നു .ഒരു പറ്റം പേർ

അവരുടെ പക്ഷത്തേക്ക് ചേരുന്നു .വരവിനെ സ്വാഗതം ചെയ്യുന്നു.

കപ്പം അഡ്വാൻസ് തന്നുകൊള്ളാം തങ്ങളെ സാമന്തന്മാരായി വാഴിച്ചാൽ മതി എന്ന് അവർ പറയുന്നു.

ഈ സമയം അന്തരീക്ഷത്തിൽനിന്ന് അശരീരി (കൂട്ടക്കരച്ചിൽ) ഉണ്ടാവുന്നു എല്ലാവരും തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് രാജ്യത്തിനായി ബലിയർപ്പിച്ച വരുടെയും രാജ്യത്തിൻ്റെ യഥാർത്ഥ അവകാശികളുടെയും മുൻഗാമികളുടെ ആത്മാക്കളാണ്.

ആത്മാക്കൾ എന്നു കേട്ടപ്പോഴേക്കും കരിന്തണ്ടനെ പിടിച്ചുകെട്ടിയ ചങ്ങല ഇംഗ്ലീഷുകാർ പുറത്തെടുക്കുന്നു.

ഇതിനിടയിൽ പേരും പെരുമയും വാർത്താ പ്രാധാന്യവും നഷ്ടപ്പെട്ടു പോയ കോവിഡ് 19 വഴിയോരത്തെ കടത്തിണ്ണയിൽ ഇരുന്ന് പൊട്ടിക്കരയുന്നതും കസ്റ്റംസിൻ്റെ ക്ലീയറൻസിനെ വെട്ടിച്ച് സ്വർണ്ണക്കട്ടികളുമായി പറന്നെത്തുന്ന മാലാഖമാരുടെചിത്രവും പ്രസൻറ് സിറ്റുവേഷൻസ് ആയി ക്രിയേറ്റ് ചെയ്യാം

ശുഭം.

( തിരക്കഥാകൃത്തിന് ഏതു ഭാഗത്തും മാറ്റം വരുത്താം. കൂട്ടിച്ചേർക്കാം.മാറ്റം വരുത്തി ചേർക്കുന്നത് എൻ്റെ പേരിൽ പ്രസിദ്ധീകരിക്കരുതെന്നു മാത്രം.. കൊറോണ രോഗഭീതി കാരണം നേരിൽ കൂടിക്കാഴ്ചക്കില്ല സെമിനാറായും വെബിനാറായും ഓൺലൈനായും ചർച്ചയാകാം .

സെൻസർ ശക്തമായതിനാൽ മറ്റുകാര്യങ്ങൾ എഴുതുന്നില്ല …