ബഹുഭൂരിപക്ഷം ദരിദ്രരെ ജാതി, ആചാരങ്ങള്‍ എന്നൊക്കെ പറഞ്ഞ് ചൂഷണം ചെയ്ത് ന്യൂനപക്ഷം ജീവിതം അര്‍മ്മാദിച്ചിരുന്നൊരു നാടായിരുന്നു നമ്മുടേത്; സനീഷ് ഇളയടം

single-img
14 July 2020

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടക്കേസിലെ സുപ്രീം കോടതി വിധിയെ തുടർന്ന് വിവിധ വാദങ്ങളും വിവാദങ്ങളും ഉയർന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ഇന്നത്തെ രീതിയിലാക്കിയത് തിരുവിതാംകൂർ രാജാക്കൻമാരാണ് എന്ന വാദം ചിലർ ഉന്നയിക്കുമ്പോൾ മറുവാദം ഉന്നയിക്കുന്നവരും കുറവല്ല.

എന്നാൽ നമ്മുടെ നാട് കടന്നു വന്ന അനാചാരങ്ങളും അതിനെതിരെ നടത്തിയ സമരങ്ങളും ഓർമ്മപ്പെടുത്തുന്ന പ്രശസ്ത മാധ്യമ പ്രവർത്തകൻ സനീഷ് ഇളയടത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യത്യസ്തമാകുകയാണ്

സനീഷ് ഇളയടത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

തിരുവിതാംകൂർ രാജാപ്പാർട്ട് ടീമ്സിന്റെ ഭക്തരെ അവിടവിടെ കാണുന്നു. അപ്പോ പഴയൊരു പോസ്റ്റ് എടുത്ത് ഷെയർ ചെയ്യാൻ തോന്നി. സൗകര്യമുള്ളവർ വായിക്കുക.
……..

////മിക്കവാറും എല്ലാ ചന്തദിവസങ്ങളിലും ചങ്ങനാശ്ശേരിയില്‍ രക്ഷിതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ കുട്ടികളെ വില്‍പ്പനയ്ക്ക് കൊണ്ട് വന്നിരുന്നു.അടിമകളായി വില്‍ക്കാനാണ്. 6 രൂപയ്ക്കും 18 രൂപയ്ക്കും ഇടയിലായിരുന്നു വില”. റവ . ഹെന്റി ബേക്കര്‍ ജൂനിയര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ////(പേജ് 51)

ഒന്നര നൂറ്റാണ്ടിന് മുമ്പ്, 1847ല്‍, ഇവിടെ, നമ്മുടെ ചങ്ങനാശ്ശേരിയില്‍ ചന്തയില്‍ അടിമകളായി കുട്ടികളെ വിറ്റിരുന്നു എന്നാണ്. ഇപ്പോള്‍ നമുക്കൊപ്പം വീടുകളില്‍ പാര്‍ക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെപ്പോലത്തെ കുഞ്ഞുങ്ങളെ,അവരെ
നമ്മള്‍ക്ക് തന്നെ കച്ചോടം നടത്തേണ്ടി വരുന്നത്രയ്ക്ക് അത്യധികദുഖകരമായ ദുരിതജീവിതത്തിലായിരുന്നു അക്കാലത്ത് നമ്മുടെ മുന്‍ഗാമികളായ മലയാളികള്‍ എന്നാണ്.കരയാന്‍ പോലുമാകാതെ സ്വന്തം കുഞ്ഞുങ്ങളെ ചന്തയില്‍ വില്‍ക്കേണ്ടി വന്ന ആ രക്ഷിതാക്കളായിരുന്നു നമ്മുടെ പിതാമഹര്‍. എവിടെയും രേഖപ്പെടുത്താത്ത ദുരിതജീവിതം ജീവിച്ച് മരിച്ച് പോയ ആ അടിമക്കുഞ്ഞുങ്ങളായിരുന്നു നമ്മുടെ പിതാമഹര്‍. നമ്മള്‍ അവരുടെ കുഞ്ഞുങ്ങളാണ്.

അവരെക്കുറിച്ച് , മലയാളികളുടെ ആ പിതാമഹന്മാരെയും മാതാമഹികളെയും കുറിച്ച് 1860ല്‍ ഒരു ചര്‍ച്ച് മിഷന്‍ പാതിരിയുടെ ഭാര്യ ഇങ്ങനെ എഴുതി.

/////ഒരു നായര്‍ക്ക് ഒരു നമ്പൂതിരിയെ സമീപിക്കാം, പക്ഷെ തൊട്ടുകൂടാ. ഒരു ഈഴവന്‍ മുപ്പതടി ദൂരെ നില്‍ക്കണം. ഒരു പുലയച്ചെറുമന്‍ 96 ചവുട്ടടി അകലെ നില്‍ക്കണം. ഒരു ചോവന്‍ ഒരു നായര്‍ക്ക് 12 അടി മാറി നില്‍ക്കണം. ഒരു പുലയന്‍ 60 ചുവട്ടടിയും മാറി നല്‍ക്കണം. പറയന്‍ കുറച്ച് കൂടി അകന്ന നില്‍ക്കണം. (പേജ് 47)////

ആ വര്‍ഷങ്ങളിൽ, 1847ല്‍ മറ്റൊരു വിദേശി അവരിലെ അടിമകളുടെ ജീവിതത്തെ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്.

/////ആണുങ്ങള്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. രോഗങ്ങളില്‍ നിന്ന് വളരെ കഷ്ടതകള്‍ സഹിച്ചിരുന്നു. വീട്ടിലെ പൊടിയും അഴുക്കും ചൊറിച്ചിലും കൃമികളുമുണ്ടാക്കുന്നു. അവ പകല്‍ വിശ്രമവും രാത്രി ഉറക്കവും ഇല്ലാതാക്കുന്നു. അവരുടെയിടയില്‍ ചെല്ലുമ്പോള്‍ അഴുക്കും നാറ്റവും കൊണ്ട് ഒരു നാട്ടുകാരന്‍ തന്റെ തുണി കൊണ്ട് മൂക്ക് പൊത്തിപ്പിടിക്കണം. പ്രായമേറിയവര്‍ വല്ലവരും ഉണ്ടെങ്കില്‍ ക്ഷീണം കൊണ്ട് കഷ്ടപ്പെടുന്നു. മരിക്കും വരെ ദിനംപ്രതി നിസ്സഹായനായി കിടക്കുന്നു. കുട്ടികള്‍ ചൊറി, അതിസാരം , വിരശല്യം,ഭക്ഷണമില്ലായ്മ ഇവ കൊണ്ട് കഷ്ടപ്പെടുന്നു. മുതിര്‍ന്നവരുമതെ./// (പേജ് 50)

അപ്പോള്‍ നമ്മള്‍ കരുതും. അത്രയും ദൂരെയുള്ള കാലമല്ലേ, 150ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്. അക്കാലത്ത് എല്ലാവരും ദുരിതത്തിലാകില്ലേ ജീവിച്ചിരുന്നത് .പേജുകള്‍ കുറെക്കൂടെ മറിച്ചിടുമ്പോള്‍ നമുക്ക് മനസ്സിലാകും, അങ്ങനെയല്ല , ഇപ്പോള്‍ ഭാവന ചെയ്യാന്‍ പോലുമാകാത്ത ദുരിതത്തില്‍ ബഹുഭൂരിപക്ഷം മനുഷ്യരും പാര്‍ത്തിരുന്ന ആ കാലത്ത് ആ ദരിദ്രലക്ഷങ്ങളുടെ അധ്വാനഫലങ്ങള്‍ ധൂര്‍ത്തടിച്ച് , അന്യന്റെ ചെലവില്‍ ജീവിച്ചിരുന്നു വേറൊരു കൂട്ടരെന്ന് .

/////ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളിൽ മഹാരാജാവിന്റെ മരണഅടിയന്തരത്തിനും രാജകുമാരന്മാരില്‍ ഒരാളിന്റെ പുണൂല്‍കല്യാണത്തിനുമായി അദ്ദേഹം ഒരു ലക്ഷം രൂപ ചെലവാക്കി. അടുത്ത നാല് കൊല്ലക്കാലം മഹാരാജാവിന്റെ സ്വര്‍ണതുലാഭാരത്തിന് രണ്ട് ലക്ഷത്തിപ്പതിമൂവായിരം രൂപയും മുറജപമഹോത്സവത്തിന് രണ്ട് ലക്ഷം രൂപയും ചെലവ് ചെയ്തു. 1851 ആകുമ്പോഴേയ്ക്ക് ബ്രാഹ്മണര്‍ക്കുള്ള ഊട്ടുപുരകളുടെ ചെലവ് മൂന്ന് ലക്ഷത്തിമുപ്പത്തിയാറായിരം രൂപ ആയി വര്‍ധിച്ചു. കൊട്ടാരച്ചെലവും ക്ഷേത്രച്ചെലവും ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം രൂപയായി. സംസ്ഥാനത്ത് തെക്കുവടക്ക് ഒരു റോഡ് തീര്‍ക്കുന്നതിനുള്ള റസിഡന്റിന്റെ നിര്‍ദ്ദേശത്തെ 1838ല്‍ ദിവാന്‍ നിരസിച്ചതിന് പറഞ്ഞ കാരണങ്ങള്‍ ചെലവിനെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ്.

”തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികള്‍ക്കും പുതിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ക്കും മഹാരാജാവിന്റെ ഉപയോഗത്തിനും വേണ്ടി നിര്‍മ്മിച്ച് വരുന്ന രണ്ട് കൊട്ടാരങ്ങള്‍ക്കും പുറമെ, തെക്ക് ശുചീന്ദ്രം മുതല്‍ തിരുവിതാംകൂറിന്റെ വടക്കേയറ്റം വരെ ജീര്‍ണാവസ്ഥയിലും തകര്‍ച്ചയിലും എത്തിയിരിക്കുന്ന കൊട്ടാരങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്ന് കൊണ്ടിരിക്കുകയുമാണ്. മേല്‍പ്പറഞ്ഞ എല്ലാ ജോലികള്‍ക്കും പബ്ലിക് ഫണ്ടില്‍ നിന്നും ഒരു വലിയ തുക നീക്കി വെയ്‌ക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു”. (പേജ് 95)////

അത് കൊണ്ട് പൊതുജനാവശ്യത്തിനുള്ള റോഡ് നിര്‍മ്മിക്കാന്‍ പണം തരാനാവില്ല എന്ന്.

ഇതാണ് നമ്മുടെ ചരിത്രം. ബഹുഭൂരിപക്ഷം ദരിദ്രരെ ജാതി, ആചാരങ്ങള്‍ എന്നൊക്കെ പറഞ്ഞ് ചൂഷണം ചെയ്ത് ന്യൂനപക്ഷം ജീവിതം അര്‍മ്മാദിച്ചിരുന്നൊരു നാടായിരുന്നു നമ്മുടേത്. അനേകസമരങ്ങളിലൂടെയും, ആചാരലംഘനങ്ങളിലൂടെയും ആണ് ഇന്നാട്ടിലെ മനുഷ്യര്‍ ആ ദുരിതകാലത്തെ താണ്ടിയത്. ആ സമരങ്ങളിലൊന്നും യാതൊരു പങ്കുമില്ലാതിരുന്ന ചിലര്‍ ആ അനാചാരങ്ങളെയും വിലക്കുകളെയും പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒച്ചയാണ് നമ്മളിപ്പോള്‍ ശബരിമല സമരം എന്ന മട്ടില്‍ കേള്‍ക്കുന്നത്. മറ്റുള്ളവരുടെ ചെലവില്‍ ജീവിച്ചിരുന്ന രാജാക്കന്മാരടക്കമുള്ളവര്‍ ഒരിക്കല്‍ കൂടെ അവരുടെ സുവര്‍ണകാലം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒച്ച.

ഈ സമരങ്ങള്‍ക്കൊപ്പം മനസ്സ് കൊണ്ടെങ്കിലും ചേരുന്നു നിങ്ങളെങ്കില്‍ നിങ്ങള്‍ അടിമകളായ ആ മുന്‍ഗാമികളെ മറക്കുകയാണ്. ഈ നാട് കടന്ന് പോന്ന വിവേചനം നിറഞ്ഞ ദുഷ്ടകാലത്തെ വീണ്ടും ആനയിക്കുന്നവരുടെ കൂട്ടത്തില്‍ ചേരുകയാണ്.

ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് തന്നെയാണ് വിധിക്കുക.