സ്വപ്ന സുരേഷും സന്ദീപ് നായരും ഒരാഴ്ച എൻഐഎയുടെ കസ്റ്റഡിയിൽ

single-img
13 July 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ എൻഐഎ പ്രത്യേക കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.

തുടർന്ന് എൻഐഎ ഓഫീസിലെത്തിക്കുന്ന പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. ഇന്ന് ഇവർക്കായുള്ള കസ്റ്റഡി അപേക്ഷയിൽ നിര്‍ണായക വെളിപ്പെടുത്തലാണ് എൻഐഎ കോടതിയിൽ നടത്തിയത്. ഇവർ യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളത്.

യുഎഇ എംബസിയുടെ എംബ്ലവും സീലും ഉൾപ്പെടെയുള്ളവ വ്യാജമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഒരു രാജ്യത്തിന്റെ പേരിൽ നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. അതേസമയം ജ്വല്ലറി ആവശ്യത്തിനല്ല സ്വർണം കടത്തിയതെന്ന് പറയുന്ന എൻഐഎ ഭീകരവാദത്തിന് പണം കണ്ടെത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ബെംഗലൂരുവിൽ നിന്ന് ഇരുവരും പിടിയിലാകുമ്പോൾ സന്ദീപ് നായരുടെ കൈവശമുണ്ടായിരുന്ന ബാഗ് കോടതിയിൽ ഇന്ന് ഹാജരാക്കി.