പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമോ ഇല്ലയോ? നിർണ്ണായക സുപ്രീംകോടതി വിധി ഇന്ന്

single-img
13 July 2020

ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി ഇന്ന്. പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പുറപ്പെടുവിക്കുന്നത്.  ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ച് ആണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നുള്ളതാണ് സർക്കാരിൻ്റെ പ്രധാന വാദം.  ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയത്. പത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണം. മതേതര സർക്കാരിനു ക്ഷേത്ര നടത്തിപ്പു സാധ്യമല്ലാത്തതിനാൽ ഗുരുവായൂർ ദേവസ്വം മാതൃകയിൽ ട്രസ്‌റ്റോ നിയമാനുസൃത സമിതിയോ സ്‌ഥാപിച്ചു ഭരണം നടത്തണം. മൂന്നു മാസത്തിനുള്ളിൽ ഏറ്റെടുക്കലിന് ട്രസ്‌റ്റോ സമിതിയോ രൂപീകരിക്കണം. ക്ഷേത്ര സ്വത്തുക്കളും ഭരണവും ഏറ്റെടുത്ത് അനുഷ്‌ഠാനങ്ങൾ ആചാരപ്രകാരം നടത്തണം. 

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയെയും പിൻമുറക്കാരെയും ‘പത്മനാഭദാസൻ’ എന്ന നിലയിൽ ആചാരാനുഷ്‌ഠാനങ്ങളിൽ പങ്കെടുപ്പിക്കണം. ക്ഷേത്ര പരിസരത്തു മ്യൂസിയം നിർമിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്‌തുക്കൾ ഭക്‌തർക്കും സഞ്ചാരികൾക്കും കാണാൻ അവസരമൊരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിൻ്റെ വകയാണെന്ന വാദത്തിൽ കഴമ്പില്ലെന്നും ഹൈക്കോടതി വിധിച്ചു.

ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ല എന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാല്‍ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക്  അവകാശ പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.