പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി

single-img
13 July 2020

പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി. രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, നിധിയുണ്ടെന്ന് പറയപ്പെടുന്ന ബി നിലവറ തുറക്കൽ, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമൽഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.

2009 ഡിസംബർ 18ന് ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ടി.പി. സുന്ദരാജൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട കേസാണിത്. നിലവറകൾ തുറന്ന് ആഭരണങ്ങൾ അടക്കം മ്യൂസിയത്തിൽ സൂക്ഷിക്കാനുള്ള 2011 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് രാജകുടുംബമാണ് 2011 മേയിൽ സുപ്രീംകോടതിയിലെത്തിയത്. തുടർന്ന് എ, ബി നിലവറകൾ തുറക്കുന്നത് സുപ്രീംകോടതി നിർത്തിവച്ചിരുന്നു. 

ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും മറ്റും കണക്കുകൾ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിവിധ സമിതികൾ എടുത്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ശുപാർശ പ്രകാരം ക്ഷേത്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.  ഒൻപത് വർഷത്തോളം നീണ്ട വാദത്തിനിടെ പ്രധാന ഹർജിക്കാരിൽ ഒരാളായ ടി.പി. സുന്ദർരാജനും ക്ഷേത്രത്തിനായി കേസു നൽകിയ മാർത്താണ്ഡവർമ്മയും മരിക്കുകയും ജസ്റ്റിസുമാരായ രവീന്ദ്രൻ, എ.കെ. പട്നായിക്, ആർ.എം. ലോധ, കെഹാർ, ടി.എസ് താക്കൂർ, ബോംബ്‌ഡെ തുടങ്ങിയ ജഡ്ജിമാർ മാറുകയും ചെയ്തു.