കേരളത്തിലെ കോവിഡ് രോഗികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ ലക്ഷണമാണ്: കണക്കുകളുമായി ഐഎംഎ

single-img
13 July 2020

ലോകത്ത് കോവിഡ് വെെറസ് പടർന്നുപിടിച്ചുകൊണ്ടിരിക്കേ കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള കണക്കുകൾ പുറത്തുവന്നു. ആദ്യത്തെ 500 രോഗികളിൽ നടത്തിയ പഠനത്തിൽ കോവിഡ് ബാധിതരിൽ കൂടുതൽ പുരുഷന്മാരാണെന്നും അവരിൽ പതിനൊന്നിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് 70 ശതമാനത്തോളം രോ​ഗികളെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രോഗലക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടത് തൊണ്ട വേദനയാണ്. അതിനു പിറകിൽ ചുമയും പനിയുമുണ്ട്. ഈ മൂന്നു ലക്ഷണങ.ജളുമാണ് രോ​ഗികളിൽ കൂടുതലായി കണ്ടതും. 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം ഭാരവാഹിയായ ഡോ. സുൾഫി നൂഹാണ് സംസ്ഥാനത്തിൻ്റെ കോവിഡ് ഡാറ്റ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ഡോ. സുൾഫി നൂഹിൻ്റെ പോസ്റ്റിലൂടെ ഒന്നു കണ്ണോടിക്കാം. 

കോവിഡ്19 പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകൾ മുതൽ കേരളത്തിലെ രോഗവ്യാപനത്തിനെ കുറിച്ചുള്ള കണക്കുകൾ പുറത്തുവിടണമെന്ന് ഐഎംഎ ആവശ്യപ്പെട്ടുവന്നതാണ്. ആ കണക്കുകളുടെ വിശകലനത്തിലൂടെ യുദ്ധ തന്ത്രങ്ങൾ മാറ്റി പണിയണമെന്നും ഐഎംഎ പറഞ്ഞിരുന്നു. 

ഇപ്പോൾ പുറത്തു വന്ന കണക്കുകൾ ഇപ്രകാരമാണ്. 

രോഗികളിൽ പുരുഷന്മാരാണ് ഏറ്റവും കൂടുതൽ. ആകെ രോഗികളിൽ ഏതാണ്ട് 73% ശതമാനത്തോളമാണ് അവരുടെ എണ്ണം.  അതിൽ 70 ശതമാനത്തോളം രോഗികളും പതിനൊന്നിനും നാൽപ്പതിനും ഇടയിൽ ഉള്ളവരാണ്. മരണ നിരക്ക് വെറും .6 ശതമാനത്തിന് ചുറ്റുവട്ടത്തു നിൽക്കുകയാണ്. രോഗലക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടത് തൊണ്ട വേദനയാണ് തൊട്ടുപിന്നാലെ ചുമയും പിന്നെ പനിയും. ശരീരവേദന തലവേദന എന്നിവയും 10 ശതമാനത്തിന് അടുപ്പിച്ച് രോഗികളിൽ കണ്ടു. 

ഗന്ധം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ഛർദ്ദി തുടങ്ങിയവ താരതമ്യേന കുറഞ്ഞ തോതിൽ കാണുന്ന രോഗലക്ഷണങ്ങൾ ആയിരുന്നു..42 ശതമാനത്തോളം പേർ ഒരു രോഗലക്ഷണവും ഇല്ലാത്തവരും 58 ശതമാനം ആൾക്കാർ രോഗലക്ഷണം ഉള്ളവരും ആയിരുന്നു. കാറ്റഗറി സി അതായത് ഗുരുതരമായ രോഗലക്ഷണം ഉള്ളവർ 4 ശതമാനത്തിനടുത്താണ്. രോഗലക്ഷണം ഉള്ളവരിൽ കൂടുതൽ നാൾ ആർ ടി പി സി ആർ പോസിറ്റീവായി കണ്ടപ്പോൾ രോഗലക്ഷണം ഇല്ലാത്തവരിൽഅത് കുറച്ചുനാൾ മാത്രമാണ് പോസിറ്റിവിറ്റി കാണിച്ചത്.

ഏതാണ്ട് .6 ശതമാനം മാത്രമാണ് വളരെ സീരിയസ് ആയിട്ടുള്ള വളരെ കടുത്ത രോഗം പ്രകടിപ്പിച്ചത്. രോഗ ലക്ഷണം ഉള്ള ആൾക്കാർ സ്വാഭാവികമായും കൂടുതൽ നാൾ ആശുപത്രിയിൽ നിൽക്കേണ്ടി വന്നു. രോഗികളിൽ 17 ശതമാനത്തോളം ആൾക്കാർക്ക് മറ്റ് രോഗങ്ങൾ , ഡയബറ്റിസ് പ്രഷർ മുതലായവ ഉണ്ടായിരുന്നു ഏറ്റവും കൂടുതൽ പേർക്ക് ഉണ്ടായിരുന്നത് ഡയബറ്റിസ് രക്താതിസമ്മർദ്ദം എന്നിവയാണ്. രോഗലക്ഷണം കണ്ടതുമുതൽ ചികിത്സ ആരംഭിക്കാൻ എടുത്ത സമയദൈർഘ്യം 3 ദിവസത്തിൽ താഴെ മാത്രമാണ്. 

ആർ ടി പി സി ആർ നെഗറ്റീവ് ആകുവാൻ എടുത്ത് ഏതാണ്ട് 13 ദിവസവും ആശുപത്രിയിൽ കിടക്കേണ്ടി വന്നത് 14 ദിവസവുമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഐ സി യു അഡ്മിഷൻ ഒരു ശതമാനം രോഗികളിലും ഓക്സിജൻ തെറാപ്പി ഒരു ശതമാനം രോഗികളിലും വെൻ്റിലേറ്റർ .5 ശതമാനം രോഗികളിലും വേണ്ടിവന്നു

ഇക്കാര്യത്തിൽ പഠനങ്ങൾ ഇനിയും ധാരാളം വേണമെന്നും ഡോ സുൽഫി നൂഹു വ്യക്തമാക്കുന്നുണ്ട്. 

ഇത് ആദ്യത്തെ 500 രോഗികളിൽ നടത്തിയ പഠനങ്ങളാണെന്നും കേസുകളുടെ എണ്ണം മൊത്തം ഏതാണ്ട് ആറായിരത്തിൽ എത്തിയിട്ടുണ്ടെന്നും കൂടി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം ഡേറ്റകൾ പബ്ലിഷ് ചെയ്യുകയും അത് രാജ്യാന്തര ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും അത്തരം പ്രസിദ്ധീകരണങ്ങൾ ആധുനികവൈദ്യശാസ്ത്രംവേദികളിൽ ചർച്ച ചെയ്യപ്പെടുകയും വേണമെന്നുള്ള കാര്യവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. 

അങ്ങനെ വേണം ആരോഗ്യ മേഖലയിലെ കേരള മോഡൽ വീണ്ടും വീണ്ടും പ്രസക്തമാക്കാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.