സ്വര്‍ണ്ണ കടത്ത് കേസ്: യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറയാനാകില്ല: കെ സുധാകരന്‍

single-img
13 July 2020

സംസ്ഥാനത്ത് നടന്ന വിവാദമായ സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യുഡിഎഫ് മുന്നണിയുടെ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറയാനാകില്ലെന്ന് കെ സുധാകരന്‍ എം പി. ഇതുമായി ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്താം ക്ലാസ് മാത്രം പാസായ സ്വപ്‌നയ്ക്ക് ജോലി കൊടുത്ത് അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിച്ചു എന്നും സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച പിണറായി സ്വപ്നയെ എവിടെയൊക്കെ കൊണ്ടുനടന്നുഎന്നും കെ സുധാകരന്‍ ചോദിച്ചു.

കേസില്‍ പ്രതിയായ സ്വപ്ന മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും വശങ്ങളിലും നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നു. എന്നിട്ട് പോലും സ്വപ്നയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ പഴയ എസ്എഫ്ഐക്കാരനാണ്. അദ്ദേഹം മുന്‍പ് കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്ത് എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നും സുധാകരന്‍ ആരോപണം ഉയര്‍ത്തി. ഇതോടൊപ്പം തന്നെ സോളാര്‍ വിഷയത്തില്‍ സരിത കേസ് കൊണ്ട് നാടിന് ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായില്ല എന്നും കെ സുധാകരന്‍ പറഞ്ഞു.