രോഗം ചെറുക്കാൻ ജനകീയ പ്രതിരോധം വേണം; അത് ചിലര്‍ ഗൗരവത്തിലെടുക്കുന്നില്ല: മുഖ്യമന്ത്രി

single-img
13 July 2020

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉൾപ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്‍റൈൻ നടപ്പാക്കാനാണ് ശ്രമം നടത്തുന്നതെന്ന് മുഖ്യമന്ത്രി. ജനകീയപ്രതിരോധം കോവിഡ് വ്യാപനം ചെറുക്കാൻ വേണം. എന്നാൽ ചിലർ ഇത് ഗൗരവത്തിലെടുക്കുന്നില്ല എന്നും മാധ്യമങ്ങളോട് കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കവെ അദ്ദേഹം പറഞ്ഞു .

നമ്മുടെ തദ്ദേശസ്ഥാപനങ്ങൾ നന്നായി പ്രവർത്തിക്കുന്നു. എന്നാൽ ചില മേഖലകളിൽ മടുപ്പ് വരുന്നുണ്ട്, അതുകൊണ്ടുതന്നെ വോളണ്ടിയർമാരെ അടക്കം പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ വോളണ്ടിയർമാരെ ആവശ്യമുണ്ട് എന്ന് പറഞ്ഞ മുഖ്യമന്ത്രി, രോഗികളുടെ വർദ്ധന ഇനിയും കൂടിയാൽ വല്ലാതെ പ്രയാസപ്പെടും എന്നും ഓർമ്മപ്പെടുത്തി.

രോഗം വ്യാപകമായാൽ റിവേഴ്‌സ്‌‌ ക്വാറന്‍റീൻ വേണ്ടവർക്ക് ഐസിയു, വെന്‍റിലേറ്റർ അടക്കം സൗകര്യങ്ങൾ ഇല്ലാതെ പോകും. നിലവിൽ ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു. ഏറ്റവും മികച്ച ചികിത്സയുടെ കാര്യത്തിൽ ആരോഗ്യവകുപ്പിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും. ചികിത്സയിലൂടെ രോഗമുക്തരായവരിൽ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കുമെന്നും ഫസ്റ്റ്‍ലൈൻ ട്രീറ്റ്‍മെന്‍റ് സെന്‍ററുകൾ പെട്ടെന്ന് തന്നെ തയ്യാറാക്കി റിക്രൂട്ട്മെന്‍റ് പെട്ടെന്ന് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.