ബഹ്റിനില്‍ എത്തുന്നവര്‍ കൊവിഡ് പരിശോധന ചെലവ് സ്വയം വഹിക്കണം; ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം 21 മുതല്‍ പ്രാബല്യത്തില്‍

single-img
13 July 2020

ഇനിമുതൽ ബഹ്റിനില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെഎത്തുന്ന എല്ലാ യാത്രക്കാരും കൊവിഡ് പരിശോധനാ ചെലവ് വഹിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. പുതിയ തീരുമാനം ജൂലൈ 21 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും.

നിലവിലെ അവസ്ഥയിൽ യാത്രക്കാർ എയര്‍പോര്‍ട്ടിലെ പരിശോധനാ ചെലവായി 30 ബഹ്‌റിന്‍ ദിനാറാണ് നല്‍കേണ്ടി വരുന്നത്. ബഹ്റിനിലുള്ള കൊവിഡ് രോഗികളുടെ ചികിത്സ ഇപ്പോൾ ഉള്ളതുപോലെ സൗജന്യമായി തന്നെ തുടരുമെന്നും ബഹ്‌റിന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ തീരുമാനത്തിന്റെ ഭാഗമായി ബിവേര്‍ ബഹ്‌റിന്‍ എന്ന മൊബൈല്‍ അപ്ലിക്കേഷനിലൂടെ യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി നേരത്തെ പണമടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം കാബിൻ ക്രൂ ജീവനക്കാര്‍, ഡിപ്ലോമാറ്റുകള്‍, മറ്റ് ഔദ്യോഗിക യാത്രക്കാര്‍ എന്നിവരും മെഡിക്കല്‍ ആവശ്യത്തിനായി യാത്ര ചെയ്യുന്നവര്‍ക്കും പണമടയ്‌ക്കേണ്ടതില്ല.

ഇതോടൊപ്പം തന്നെ ബഹ്റിനില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോവുന്നവര്‍ക്കും നിര്‍ദ്ദേശമുണ്ട്. അവർ തങ്ങളുടെ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനില്‍ പോവണം. പോയ ശേഷം പിന്നീട് വിദേശത്ത് നിന്ന് വരുന്ന കൊവിഡ് ചികിത്സ ചെലവും പരിശോധന ചെലവും സ്വയം വഹിക്കുമെന്ന് ബിവേര്‍ ബഹ്‌റിന്‍ ആപ്പിലൂടെയോ നേരിട്ടോ സമ്മത പത്രം നല്‍കണം.