സ്വപ്നാ സുരേഷടക്കമുള്ള പ്രതികളുമായി എൻഐഎ സംഘം കൊച്ചിയിലേയ്ക്ക്; പിന്നാലെ ചാനൽ വാഹനങ്ങളുടെ സാഹസിക ചെയ്സ്

single-img
12 July 2020

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി എൻഐഎ സംഘം കൊച്ചിയിലേയ്ക്ക് കുറച്ച് സമയത്തിനുള്ളിൽ എത്തിച്ചേരും. അതേസമയം വാഹനത്തിന്റെ തത്സമയ ദൃശ്യങ്ങൾ പകർത്താൻ ചാനൽ വാഹനങ്ങൾ എൻ ഐ എ വാഹനത്തിന് പിന്നാലെ മത്സരപ്പാച്ചിൽ നടത്തുകയാണ്.

ഇതിനിടെ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് വടക്കാഞ്ചേരിയിൽ വെച്ച് പ്രതികളേ മറ്റൊരു വാഹനത്തിൽ കയറ്റിയാണ് യാത്ര തുടർന്നത്. പിന്നാലെ വന്ന ഒരു മലയാളം ചാനലിന്റെ വാഹനം അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വാളയാർ അതിര്‍ത്തി കടന്ന് രണ്ട് വാഹനങ്ങളിലായി കൊണ്ടുവന്ന സ്വപ്നയേയും സന്ദീപിനേയും റോഡരികിൽ വണ്ടി നിര്‍ത്തി കുറച്ച് കൂടി വലിയൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റുകയായിരുന്നു. മുഖം മറച്ച നിലയിലാണ് പ്രതികൾ ഉണ്ടായിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി ചെന്നെങ്കിലും പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല.

വാളയാര്‍ അതിര്‍ത്തി കടന്നത് മുതൽ വഴിനീളെ പ്രതിഷേധം ആണ് വാഹനവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്. വാളയാറിൽ അടക്കം വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ തുടരുമെന്നിരിക്കെയാണ് സുരക്ഷിതമായ മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ദേശീയ അന്വേഷണ ഏജൻസി തീരുമാനിച്ചത്.