ബിജെപി പാളയത്തിലേക്ക് സച്ചിന്‍ പൈലറ്റ്; റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ രാജസ്ഥാന്‍

single-img
12 July 2020

മധ്യ പ്രദേശില്‍ സംഭവിച്ചതിന് സമാനമായി ഇപ്പോള്‍ രാജസ്ഥാനിലും റിസോര്‍ട്ട് പൊളിറ്റിക്സ്. സര്‍ക്കാര്‍ മറിയാതിരിക്കാനും സച്ചിന്‍ പൈലറ്റിന്റെ ബിജെപി യാത്ര തടയാനും രാജസ്ഥാനില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ സംസ്ഥാനത്തെ ഗുരുഗ്രാമിലെയും മറ്റും റിസോര്‍ട്ടുകളിലേക്ക് മാറിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍. സംസ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റും 16 എം എല്‍ എമാരും കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

സച്ചിനെ പിന്തുണയ്ക്കുന്ന 19 എംഎല്‍എമാരാണ് ഇപ്പോള്‍ റിസോര്‍ട്ടിലേക്ക് മാറിയതെന്നാണ് വിവരം. കഴിഞ്ഞ
ദിവസം മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉന്നയിച്ച അട്ടിമറി ആരോപണത്തില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് പൈലറ്റ് പരസ്യമായി കോണ്‍ഗ്രസുമായി വിയോജിപ്പിലേക്ക് മാറിയത്. പക്ഷെ, പോലീസ് പൈലറ്റിന് നല്‍കിയ അതേ നോട്ടീസ് പൊലീസ് തനിക്കും നല്‍കി എന്നായിരുന്നു അശോക് ഗെലോട്ടിന്റെ പ്രതികരണം.

സംസ്ഥാന നിയമസഭയിലെ ചീഫ് വിപ്പിനും പോലീസ് മൊഴി നല്‍കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും ഗെലോട്ട് പറയുകയുണ്ടായി. തന്റെ ഒപ്പം 23 എംഎല്‍എമാര്‍ ഉണ്ടെന്നും ആവശ്യം വന്നാല്‍ ഗെലോട്ടിന് മുന്നില്‍ തന്റെ ശക്തി പ്രകടിപ്പിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.