ഇന്ത്യയിൽ 20 വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 10 ലക്ഷത്തിലേറെ പേർ; 250-ൽ ഒരാൾ പാമ്പ്കടിയേറ്റ് മരിക്കാനുള്ള സാധ്യതയെന്ന് പഠനം

single-img
12 July 2020

ഇന്ത്യയിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചത് 12 ലക്ഷത്തോളം പേരെന്ന് പുതിയ പഠനം. പാമ്പുകടിയേറ്റ് മരിച്ചവരിൽ പകുതിയോളം പേർ 30നും 69നും ഇടയിൽ പ്രായമുള്ളവരാണ്. ബിബിസിയാണ് ഈ പഠനത്തിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചേനത്തണ്ടൻ (അണലി), ശംഖുവരയൻ (വെള്ളിക്കെട്ടൻ) , മൂർഖൻ എന്നീ വർഗ്ഗങ്ങളിൽപ്പെട്ട പാമ്പുകളുടെ കടിയേറ്റാണ് ഭൂരിഭാഗം പേരും മരിച്ചത്. പെട്ടെന്ന് എത്തിപ്പെടാവുന്ന ദൂരത്തിൽ ചികിത്സാ സൌകര്യം ലഭ്യമല്ലാത്തത് മരണനിരക്ക് കൂടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലയളവിലാണ് ഇതിൽ പകുതിയോളം മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. ഭൂരിഭാഗം പേർക്കും പാമ്പുകടിയേറ്റിരിക്കുന്നത് കാലിലാണ്.

രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദ സംഘം നടത്തിയ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇലൈഫ് എന്ന ഓപ്പൺ അക്സസ് ജേണലിലാണ്. രാജ്യത്ത് നടക്കുന്ന അകാലമരണങ്ങളെക്കുറിച്ച് പഠനം നടത്തുന്ന “മില്യൺ ഡെത്ത് സ്റ്റഡി” (MDS) യുടെ ഭാഗമായി നടത്തിയ വിവരശേഖരണം പ്രസ്താവിച്ചാണ് മേൽപ്പറഞ്ഞ നിഗമനങ്ങളിൽ വിദഗ്ദർ എത്തിച്ചേർന്നത്.

ഇന്ത്യയിലും, ദക്ഷിണേഷ്യയിലും പരക്കെ കാണപ്പെടുന്ന പാമ്പ് വിഭാഗമാണ് ചേനത്തണ്ടൻ അഥവാ അണലി. മൂഷികവർഗ്ഗത്തിൽപെട്ട എലി, പെരുച്ചാഴി തുടങ്ങിയ ജീവികളാണ് ഇതിന്റെ പ്രധാന ആഹാരം. അതിനാൽ മനുഷ്യവാസമുള്ള സ്ഥലങ്ങളിലെല്ലാം ഗ്രാമ നഗര വ്യത്യാസമില്ലാതെ കാണപ്പെടാറുമുണ്ട്. ശംഖുവരയൻ പാമ്പുകൾ പകൽ സമയങ്ങളിൽ ശാന്തസ്വഭാവമുള്ളവരാണെങ്കിൽ രാത്രി സമയങ്ങളിൽ രൌദ്രഭാവം കൈക്കൊള്ളും. അഞ്ച് അടി മുതൽ ഒൻപത് അടി വരെ ഇത്തരം പാമ്പുകൾക്ക് നീളം വയ്ക്കാറുണ്ട്. മൂർഖൻ പാമ്പുകൾ അക്രമസ്വഭാവം കാണിക്കുന്നത് രാത്രി കാലങ്ങളിലാണ്. ഇതിന്റെ കടിയേറ്റാൽ ആന്തരിക രക്തസ്രാവം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്, ആയതിനാൽ അടിയന്തിര വൈദ്യസഹായവും ആവശ്യമാണ്.

2001-2014 കാലയളവിൽ രാജ്യത്ത് നടന്ന പാമ്പുവിഷബാധയേറ്റുള്ള മരണങ്ങളിൽ 70 ശതമാനവും ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിങ്ങനെ എട്ട് സംസ്ഥാനങ്ങളിൽ ആണെന്നും പഠനം വ്യക്തമാക്കുന്നു. 250-ൽ ഒരു ഇന്ത്യക്കാരൻ 70 വയസിന് മുൻപ് പാമ്പുകടിയേറ്റ് മരിക്കാനുള്ള സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ ഈ സാധ്യത നൂറിലൊന്ന് ആണെന്നും പഠനത്തിൽ പറയുന്നു. കൃഷിക്കാരാണ് അപകടസാധ്യതയിൽ മുന്നിൽ നിൽക്കുന്നതെന്നും ഗവേഷകർ പറയുന്നു.