പാട്ടിദാർ നേതാവ് ഹർദിക് പട്ടേൽ ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ്

single-img
12 July 2020

പാട്ടിദാർ സമുദായ നേതാവ് ഹർദിക് പട്ടേലിനെ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. പാർട്ടി ഹൈക്കമാൻഡിന്റേതാണ് തീരുമാനം. സംസ്ഥാന നേതാക്കളുടെ നിർദ്ദേശം പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

അമിത് ചവ്ദയാണ് നിലവിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ. അങ്ക്ലാവ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ഇദ്ദേഹം.

പാട്ടിദാർ സമുദായത്തിന്റെ സംവരണത്തിനായുള്ള സമരനേതാവായാണ് ഹർദിക് പട്ടേൽ ഉയർന്ന് വരുന്നത്. പാട്ടിദാർ സമുദായത്തിന് പിന്നോക്ക സമുദായ സംവരണം ആവശ്യപ്പെട്ടുകൊണ്ട് 2015-ലായിരുന്നു പാട്ടിദാർ അനാമത് ആന്ദോളൻ സമിതി സമരം നടത്തിയത്.

2015-ലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലും 2017-ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും പാട്ടിദാർ അനാമത്ത് ആന്ദോളൻ സമിതി കൊൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ബിജെപിയ്ക്ക് ചെറിയതോതിലെങ്കിലും തിരിച്ചടികൾ സമ്മാനിച്ചിരുന്നു. 2019 മാർച്ച് 12-നാണ് ഹർദിക് പട്ടേൽ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്.