വീടിന്റെ മുകൾനിലയിൽ വ്യാജ എസ്ബിഐ ബ്രാഞ്ച്; 19 വയസുകാരൻ അറസ്റ്റിൽ

single-img
12 July 2020
ഫോട്ടോ കടപ്പാ‍്: ദി ന്യൂസ് മിനുട്ട്

തമിഴ്നാട്: പൊതുമേഖലാ സ്ഥാപനമായ “സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ” യുടെ വ്യാജബ്രാഞ്ച് തുടങ്ങാൻ ശ്രമിച്ച പത്തൊൻപത്കാരൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ കൂടല്ലൂർ ജില്ലയിലുള്ള പന്നുരുത്തി എന്ന സ്ഥലത്താണ് തട്ടിപ്പ് നടത്താൻ ശ്രമിച്ച പത്തൊൻപത്കാരനായ കമൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥരുടെ മകനായ കമൽ ബാബു സ്വന്തം വീടിന്റെ മുകൾനിലയിലാണ് എസ്.ബി.ഐ. കമലിന്റെ പിതാവ് മരിച്ചുപോയിരുന്നു. രോഗം മൂലം കിടപ്പിലായ അമ്മയുടെ കൂടെയാണ് ഇയാളുടെ താ‍മസം.

പന്നുരുത്തിയിലെ എസ്.ബി.ഐ ബ്രാഞ്ചിൽ എത്തിയ ഒരു ഇടപാടുകാരൻ ബാങ്ക്മാനേജറോട് സ്ഥലത്തെ പുതിയ ബ്രാഞ്ചിനെ പറ്റി സ്വകാര്യ സംഭാഷണത്തിനിടയിൽ അന്വേഷിച്ചതാണ് വഴിത്തിരിവായത്. അമ്പരന്ന ബാങ്ക് മാനേജർ ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പുതിയ ബ്രാഞ്ച് തുടങ്ങി എന്ന് ആരോപിക്കപ്പെട്ട സ്ഥലത്ത് എത്തിയ ബാങ്ക് ഉദ്യോഗസ്ഥരെയും പോലീസുകാരെയും ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു കാത്തിരുന്നത്. എസ്.ബി.ഐ. യുടെ വ്യാജ സീൽ, ചെല്ലാൻ, നോട്ടെണ്ണൽ മെഷീൻ, ഫയലുകൾ, കമ്പ്യൂട്ടറുകൾ, പ്രിന്റർ, മറ്റ് ബാങ്കിങ് അവശ്യവസ്തുക്കൾ ഇവരിവിടെ നിന്നും കണ്ടെടുത്തു. സാധാരണ എസ്.ബി.ഐ. ബാങ്കുകളുടെ സമാനമായ പരിസരം ഇയാൾ ഒരുക്കിയിരുന്നു.

മുഖ്യസൂത്രധാരനായ കമൽബാബുവിനെ സഹായിച്ചതായി കരുതുന്ന റബർസ്റ്റാമ്പ് വില്പനക്കാരനായ മാണിക്ക്യം(52), പന്രുതിയിൽ പ്രിന്റിങ് പ്രസ്സ് നടത്തുന്ന കുമാർ(52) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമലിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനസാമഗ്രികൾ പോലീസ് സീൽ ചെയ്തു. ഇന്നുവരെ ഈ ബ്രാഞ്ചിൽ നിന്ന് പണമിടപാടുകൾ ഒന്നും നടന്നിട്ടില്ല എന്നും, അത്തരത്തിലുള്ള ഒരു പരാതിയും ഇതുവരെ സ്ഥലവാസികളിൽ നിന്ന് ലഭിച്ചിട്ടില്ല എന്നും പോലീസ് അറിയിച്ചു.