എന്ത് വന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി; ഒടുവില്‍ ഡോണൾഡ് ട്രംപും ഫെയ്സ് മാസ്ക് ധരിച്ചു

single-img
12 July 2020

യുഎസില്‍ കോവിഡ് രോഗത്തിന്റെ വ്യാപനം തുടങ്ങി കഴിഞ്ഞ ദിവസം 99 ദിവസം പിന്നിടുമ്പോൾ ആദ്യമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെയ്സ് മാസ്ക് ധരിച്ചു . എന്ത് തന്നെ വന്നാലും താന്‍ മാസ്ക് ധരിക്കില്ലെന്ന നയം മാറ്റിയാണ് ശനിയാഴ്ച നടന്ന സൈനിക ആശുപത്രി സന്ദർശനത്തിന് ട്രംപ് മാസ്ക് ധരിച്ച് എത്തിയത്. രാജ്യമാകെ കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടും മാസ്ക് ധരിക്കില്ലയെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സൈനിക ആശുപത്രി സന്ദർശിക്കുമ്പോള്‍ അദ്ദേഹത്തോട് മാസ്ക് ധരിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് മാസ്ക് ധരിക്കാൻ തയാറായത്. ഇന്നലെ മെരിലാന്‍ഡ് സ്റ്റേറ്റിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയാണ് ട്രംപ് സന്ദർശിച്ചത്.

താന്‍ പരിക്ക് പറ്റിയ സൈനികരെയും പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാൻ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നതായും അവിടെ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് അവശ്യ വസ്തുവായി താന്‍ കണക്കാക്കുന്നുവെന്നും ട്രംപ് സന്ദര്‍ശനത്തിന് മുന്‍പ് വ്യക്തമാക്കിയിരുന്നു.