സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

single-img
12 July 2020

സംസ്ഥാന വ്യാപകമായി വരുന്ന വ്യാഴാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അതേപോലെ തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കാസര്‍കോട്, ചൊവ്വാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. വ്യാഴാഴ്ചയുംകോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു.