സ്വര്‍ണ്ണ കടത്ത്: സ്വപ്‌ന സുരേഷും സന്ദീപും എന്‍ഐഎയുടെ പിടിയില്‍

single-img
11 July 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ പിടിയില്‍. ബംഗളൂരുവില്‍ നിന്നാണ് ഇരുവരെയും എന്‍ഐഎ പിടികൂടിയത്..

കഴിഞ്ഞ ഏഴുദിവസമായി ഒളിവിലായിരുന്ന ഇരുവരും അറസ്റ്റിലായ വിവരം എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി നാളെ ഇരുവരേയും കൊച്ചിയില്‍ എത്തിക്കും. നേരത്തെ തന്നെ രണ്ടുപേരും ബെംഗളൂരുവിലേക്ക് കടന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

നിലവില്‍ നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ എന്നിവരാണുള്ളത്.