കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ നടപടിയുമായി പോലീസ്

single-img
11 July 2020

കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിബന്ധനകളും ലംഘിക്കുന്നവരില്‍നിന്നും പിഴ നേരിട്ട് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി പത്തനംതിട്ട ജില്ലയില്‍ പോലീസ്. യുവാവിന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു സമ്പര്‍ക്കരോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കര്‍ശനമായി തടയുമെന്നു ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ അതുമായി ബന്ധപ്പെട്ട എല്ലാപോലീസ് നടപടികളും തുടരുന്നു. ഈ മേഖലകളില്‍ ഉള്‍പ്പെടെ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബൈക്ക് പട്രോളിംഗ് ഉള്‍പ്പെടെ കൂടുതല്‍ പട്രോളിംഗ് വാഹനങ്ങള്‍ ഡ്യൂട്ടിയിലുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചു വിവിധ ലംഘനങ്ങള്‍ക്കു നിശ്ചിത തുക പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുതുടങ്ങി. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, നിയന്ത്രണ മേഖലകളിലേക്ക് കടക്കലും പുറത്തുപോകലും, പൊതുസ്ഥലത്തു തുപ്പുക, ലോക്ക് ഡൗണ്‍ നിയമലംഘനം തുടങ്ങിയവയ്ക്കു 200 രൂപ വീതവും, പൊതുചടങ്ങുകള്‍, വിവാഹം, ശവസംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങിയ ആള്‍ക്കൂട്ടം, കടകള്‍ മാളുകള്‍ സ്‌കൂള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തുറക്കല്‍, തുടങ്ങിയവയ്ക്ക് 500 രൂപ വീതവും, നിയന്ത്രണങ്ങള്‍ മറികടന്ന് ധര്‍ണകളും മറ്റും നടത്തുക, ക്വാറന്റീന്‍ ലംഘനം തുടങ്ങിയവയ്ക്ക് 1000 രൂപ എന്ന ക്രമത്തില്‍ പിഴ ഈടാക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ചു. ഇന്നലെ മാത്രം 158 പേര്‍ക്കെതിരെ നിയമനടപടി കൈക്കൊണ്ടതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ അതു ലംഘിച്ചു പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞു കേസെടുത്തു. കഴിഞ്ഞ രണ്ടുദിവസമായി നടത്തിയ സ്‌പെഷല്‍ ഡ്രൈവിലൂടെ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നവരുമായി ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു.

അതേസമയം, നിരീക്ഷണത്തില്‍ കഴിഞ്ഞുവന്ന രണ്ടുപേര്‍ ക്വാറന്റീന്‍ ലംഘിച്ചു പുറത്തിറങ്ങിയതിന് പന്തളം പോലീസ് കേസെടുത്തു. ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും അറിയിച്ചതിനെ തുടര്‍ന്ന് ജനമൈത്രി പോലീസ് എത്തി അന്വേഷണം നടത്തുകയും പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസെടുത്തത്.