‘സ്വര്‍ണ്ണ കടുവ’ ഒരു യാഥാര്‍ത്ഥ്യം; സ്വതന്ത്രമായി കാട്ടിൽ ജീവിക്കുന്ന ഏക സ്വർണ കടുവ ഉള്ളത് ഇന്ത്യയില്‍

single-img
11 July 2020

മലയാളികൾക്ക് സ്വർണ കടുവ എന്ന് കേൾക്കുമ്പോൾ ഓര്‍മവരുന്നത് ബിജു മേനോൻ നായകനായി 2016 എത്തിയ സിനിമ ആയിരിക്കും. എന്നാല്‍ യഥാർത്ഥത്തിൽ കടുവ, പുള്ളിപ്പുലി, വരയൻ പുലി, കരിമ്പുലി, വെള്ള പുലി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും എന്നതിന് അപ്പുറം സ്വർണ കടുവയുണ്ട്.

നമ്മള്‍ സ്വര്‍ണ്ണ കടുവ എന്നും പുറത്ത് ഗോൾഡൻ ടാബി ടൈഗർ എന്നും സ്ട്രോബെറി ടൈഗർ എന്നും വിളിപ്പേരുള്ള ഈ സ്വർണ കടുവ യഥാർത്ഥത്തിൽ വെള്ള കടുവകളും കരിമ്പുലികളും ഉണ്ടാകുന്നത് പോലെ ജീൻ വ്യതിയാനം മൂലമാണ് ജനിക്കുന്നത്. ശരിക്കും സ്വർണ വര്‍ണ്ണമുള്ള അവയുടെ ശരീരത്തിൽ തവിട്ട് നിറമുള്ള വരകളായിരിയ്ക്കും കാണപ്പെടുക.

നിലവില്‍ ലോകത്തിലെ അപൂര്‍വ്വം ചില കാഴ്ചബംഗ്ലാവുകളിൽ സ്വർണ കടുവയുണ്ടെങ്കിലും ശരിക്കുമുള്ള കാട്ടിൽ ഇവയെ കാണാറില്ല എന്നതാണ് സത്യം. എന്നാല്‍ ലഭ്യമായ കണക്കുകൾ അനുസരിച്ച് ലോകത്ത് ഒരു സ്വർണ കടുവ കാട്ടിൽ ജീവിക്കുന്നുണ്ട്, അതും ഇന്ത്യയില്‍ തന്നെ.

ആസ്സാമിലുള്ള കാസിരംഗ ദേശീയോദ്യാനമാണ് ലോകത്തിലെ ഏക ‘സ്വതന്ത്ര’ സ്വർണ കടുവയുടെ ആവാസ സ്ഥാനം. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫർ മയൂരേഷ് ഹേന്ദ്രയുടെ ക്യാമറ കണ്ണുകളിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് കാസിരംഗ ദേശീയോദ്യാനത്തിലെ ഈ സുവര്‍ണ്ണ താരം പതിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ കാസിരംഗയുടെ അഭിമാനമായ സ്വർണ കടുവ വീണ്ടും ചര്‍ച്ചാ വിഷയം ആകുകയായിരുന്നു.