കൊവിഡ് നിയന്ത്രണങ്ങള്‍ വന്നാല്‍ പട്ടിണി, അരാജകത്വം എന്നിവയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങും: ഇറാന്‍ പ്രസിഡന്റ്

single-img
11 July 2020

ഇറാനില്‍ കൊവിഡ് വൈറസ് വ്യാപന പ്രതിസന്ധി ശക്തമെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കുന്ന നിയന്ത്രണങ്ങള്‍ സാധ്യമല്ലെന്ന് പ്രസിഡന്റ് ഹസ്സന്‍ റുഹാനി. ഏതെങ്കിലും തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ അത് രാജ്യത്തെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന ഔദ്യോഗിക മീറ്റിംഗില്‍ പറഞ്ഞു.

‘ കൊവിഡ് വൈറസ് വ്യാപനത്തില്‍ ഏറ്റവും ലളിതമായ പരിഹാരം എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കുക എന്നാണ്. അങ്ങിനെ ചെയ്‌താല്‍ അടുത്ത ദിവസം പട്ടിണി, പ്രയാസങ്ങള്‍, അരാജകത്വം എന്നിവയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങും,’ റുഹാനി പറഞ്ഞു.അതേസമയം ഇന്ന് 188 പേരാണ് ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതേവരെ 12,635 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാനിലെ 31 പ്രവിശ്യകളില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും ഏപ്രിലില്‍ ഈ നിയന്ത്രണങ്ങള്‍ തകരുന്ന സാമ്പത്തിക മേഖലയെ മുന്നില്‍ കണ്ട് ഒഴിവാക്കുകയായിരുന്നു.