പ്രതിപക്ഷ നേതാവ് പറഞ്ഞ അമേരിക്കൻ വനിത ഇഞ്ചിപ്പെണ്ണ് എന്ന ലാബി ജോർജ്ജ്; ഐടി വകുപ്പിലെ ജോലിക്കിടെ കൊച്ചിയിൽ മാധ്യമസ്ഥാപനം നടത്തി

single-img
10 July 2020

ഒരു അമേരിക്കൻ പൌരത്വമുള്ള വ്യക്തിയ്ക്ക് സ്റ്റാർട്ടപ്പ് മിഷനിൽ ജോലി നൽകിയതായി പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത് സമൂഹമാധ്യമങ്ങളിൽ ഇഞ്ചിപ്പെണ്ണ് എന്ന അപരനാമത്തിലറിയപ്പെടുന്ന ലാബി ജോർജ്ജ് എന്ന വനിതയ്ക്കെതിരെ. ഇവരുടെ നിയമനത്തെ സംബന്ധിച്ച് നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നു.

അമേരിക്കൻ പൌരത്വമുള്ള മലയാളിയായ ലാബി ജോർജ്ജ് എന്ന വനിതയെയാണ് സ്റ്റാർട്ടപ്പ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിംഗ് വിഭാഗത്തിൽ സീനിയർ ഫെലോ ആയി നിയമിച്ചിരിക്കുന്നത്. ഇവർക്ക് മാസം 80,000 രൂപയാണ് ഫെലോഷിപ്പ് ആയി ലഭിക്കുക. എന്നാൽ അമേരിക്കൻ പൌരത്വവും അവിടെ സ്വന്തമായി ടോർക്ക് ഡിജിറ്റൽ എന്നപേരിൽ ഒരു കമ്പനിയുമുള്ള ഇവർ എന്തിനാണ് ഈ ശമ്പളത്തിൽ സ്റ്റാർട്ടപ്പ് മിഷനിൽ ജോലിക്ക് കയറി എന്നത് ദുരൂഹമാണ്.

സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെപ്പോലും ന്യായീകരിച്ച് പോസ്റ്റുകൾ ഇട്ടിട്ടുള്ള ഇഞ്ചിപ്പെണ്ണ് എന്ന ഐഡി ഇത്തരം വിവാദ പോസ്റ്റുകളുടെ പേരിൽ സൈബർ ഇടങ്ങളിൽ കുപ്രസിദ്ധയാണ്. എല്ലാക്കാലത്തും ഇടത്- സിപിഎം വിരുദ്ധ നിലപാടുകൾ മാത്രം സ്വീകരിച്ചിട്ടുള്ള ഇഞ്ചിപ്പെണ്ണ് എന്ന അപരനാമധേയത്തിലറിയപ്പെടുന്ന ലാബി ജോർജ്ജിനെ ഇത്തരമൊരു തസ്തികയിൽ ഇടത് സർക്കാർ തന്നെ നിയമിച്ചത് സൈബറിടത്തിലെ ഇടതുപക്ഷക്കാരെയാകെ ഞെട്ടിച്ചിട്ടുണ്ട്.

കൊച്ചിയിലെ മാധ്യമസ്ഥാപനം

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോക്ക് ജേണൽ എന്ന മാധ്യമ സ്ഥാപനത്തിലെ അനധികൃത പിരിച്ചുവിടലും മറ്റും വിവാദമായതോടെയാണ് ലാബി ജോർജ്ജ് വാർത്തകളിൽ നിറയുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികളെ പിരിച്ചുവിടരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം മറികടന്ന് വോക്ക് ജേര്‍ണല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതായിരുന്നു വാർത്ത. ഈ സ്ഥാപനം നടത്തിയിരുന്നത് ഇഞ്ചിപ്പെണ്ണ് എന്ന അപരനാമധേയത്തിലറിയപ്പെടുന്ന ലാബി ജോർജ്ജ് ആണ്.

എന്നാൽ മാധ്യമ വാർത്തകൾക്ക് ശേഷം തങ്ങൾ ഇക്കാര്യത്തിൽ ഒരു അന്വേഷണം നടത്തിയിട്ടുണ്ടെന്നും അവർക്ക് ആ സ്ഥാപനവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ലഭിക്കാത്തതിനാലാണ് സ്റ്റാർട്ടപ്പ് മിഷൻ ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിക്കാതിരുന്നതെന്നുമാണ് സ്റ്റാർട്ടപ്പ് മിഷന്റെ സി ഇ ഒ സജി ഗോപിനാഥ് ഇവാർത്തയോട് പ്രതികരിച്ചത്. എന്നാൽ ഇഞ്ചിപ്പെണ്ണ് എന്ന പേരിലറിയപ്പെടുന്ന ലാബി ജോർജ്ജ് തന്നെയാണ് ഈ സ്ഥാപനം നടത്തിയിരുന്നതെന്നാണ് സ്ഥാപന ഉടമ സന്തോഷ് പട്ടത്തിൽ ഇവാർത്തയോട് പ്രതികരിച്ചത്. ഇവർ അമേരിക്കൻ പൌരത്വമുള്ളയാളാണെന്നോ മറ്റു വിവരങ്ങളോ തനിക്കറിയില്ലായിരുന്നുവെന്നും സന്തോഷ് പറയുന്നു.

അതേസമയം വോക്ക് ജേണൽ എന്ന ഓൺലൈൻ മാധ്യമസ്ഥാപനം ആരംഭിച്ചകാലം മുതൽ അവിടെ സാധനങ്ങൾ പർച്ചേസ് ചെയ്യുന്നത് മുതൽ ജീവനക്കാരെ ഇന്റർവ്യൂ ചെയ്ത് നിയമിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ലാബി ജോർജ്ജ് ആയിരുന്നുവെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാർ ഇവാർത്തയോട് പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പ് നിയന്ത്രിച്ചിരുന്നതും ഇവരായിരുന്നു. ഇവരുടെ അമേരിക്കൻ നമ്പരിലുള്ള വാട്സാപ്പ് അക്കൌണ്ടായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ആഴ്ചയിൽ കുറഞ്ഞത് എല്ലാ ദിവസവും എത്തിയില്ലെങ്കിലും ഓഫീസിൽ മിക്കവാറും ലാബി ജോർജ്ജിന്റെ സാന്നിധ്യമുണ്ടാകുമായിരുന്നു എന്നും ജീവനക്കാർ പറയുന്നു. സ്ഥാപനത്തിന്റെ എഡിറ്റോറിയൽ നിലപാടുകൾ സ്വീകരിച്ചിരുന്നതും മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടുകൾ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നതും ഇവരായിരുന്നു.

ഇഞ്ചിപ്പെണ്ണ് അമേരിക്കൻ പൌരത്വമുള്ളയാളാണോ എന്ന ചോദ്യത്തിന് “ അവർക്ക് പി ഐ ഒ (പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ) കാർഡ് ഉണ്ട്“ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയിൽ ജനിച്ച് വിദേശ പൌരത്വം നേടുന്നവർക്ക് ഇന്ത്യയിലേയ്ക്കുള്ള വിസയും മറ്റും എളുപ്പമാക്കുന്നതിനുള്ള സംവിധാനമാണിത്.

അമേരിക്കൻ പൌരത്വമുള്ള ഒരാൾ സർക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിൽ തടസങ്ങളൊന്നുമില്ല. എന്നാൽ അവർ സമാന്തരമായി മറ്റൊരു സ്ഥാപനത്തിനായി ജോലി ചെയ്യുന്നതിൽ തൊഴിൽനിയമങ്ങളുടെ ലംഘനമുണ്ട്. അത് രാഷ്ട്രീയകാര്യങ്ങൾ അടക്കം ചർച്ച ചെയ്യുന്ന ഒരു വാർത്താ അധിഷ്ടിത മാധ്യമമാണെങ്കിൽ അതിന് നിരവധി മാനങ്ങൾ ഉണ്ട്. ഇത് സർക്കാരിൽ നിന്ന് മറച്ച് വെച്ച് രേഖാമൂലമുള്ള തെളിവുകൾ ഇല്ലാതെയാണ് അവർ ഈ സ്ഥാപനം നടത്തിയിരുന്നത് എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

ഉന്നത ബന്ധങ്ങൾ

ഇടതുപക്ഷത്തിനെതിരായി നിരന്തരം നിലപാടുകൾ എടുത്തിരുന്ന ഇഞ്ചിപ്പെണ്ണ് എന്ന ലാബി ജോർജ്ജിന് പക്ഷേ സർക്കാരിനുള്ളിൽ വലിയ സ്വാധീനം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻ കോഴിക്കോട് ജില്ലാകളക്ടറും ഇപ്പോൾ കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് കോർപറേഷൻ എംഡിയുമായ പ്രശാന്ത് നായർ ആണ് ലാബി ജോർജ്ജിന് ആദ്യം സംസ്ഥാനത്തെ ജനങ്ങളുടെ വിവരശേഖരണത്തിനുള്ള അവസരമൊരുക്കുന്നത്. പ്രളയദുരിതാശ്വാസം എത്തിക്കാൻ നടത്തിയ ചില ഡേറ്റാ കളക്ഷൻ പ്രവൃത്തികൾ തനിക്ക് വേണ്ടി ഏകോപിപ്പിച്ചിരുന്നത് “ഇഞ്ചിപ്പെണ്ണ്‌“ എന്ന ലാബി ആയിരുന്നുവെന്ന് പ്രശാന്ത് നായർ പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു. വിദേശവനിതയായ ഇവരെ ഈ വിവരശേഖരണത്തിനായി ഉപയോഗിച്ചത് ഔദ്യോഗിക അനുമതിയോടെയാണോ എന്ന് വ്യക്തമല്ല.

വോക്ക് ജേണലിലെ പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരൻ ശമ്പളം ചോദിച്ചതിന് അയാളെ ആ സ്ഥാപനത്തിന്റെ ഓഫീസിലിട്ട് ഗംഗാ ശങ്കർ പ്രകാശ് എന്നയാൾ മർദ്ദിച്ചിരുന്നു. ലാബി ജോർജ്ജിന്റെ സുഹൃത്തായ ഗംഗാ ശങ്കർ പ്രകാശ് യൂത്ത് കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. മർദ്ദനമേറ്റ ഫയാസ് എന്ന യുവാവ് എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. മൊഴികൊടുക്കാൻ വിളിച്ചിട്ട് വന്നില്ല എന്നാണ് മരട് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ഇവാർത്തയോട് പ്രതികരിച്ചത്. എന്നാൽ താൻ പലതവണ അവിടെപ്പോയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഇത് ലാബി അടക്കമുള്ളവരുടെ ഉന്നതസ്വാധീനം മൂലമാണെന്നും ഫയാസ് ആരോപിക്കുന്നു. മാത്രമല്ല പിരിച്ചുവിടപ്പെട്ട ജീവനക്കാർ എല്ലാവരും ചേർന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചിട്ട് മാസങ്ങളായിട്ടും ഒരു മറുപടി പോലും ലഭിച്ചില്ലെന്നും ജീവനക്കാർ പറയുന്നു. ലാബി ജോർജ്ജിനെതിരെ ഇവർ പരാതി അയച്ചകാര്യം അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ അറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്ന ഉന്നത ഉദ്യോഗസ്ഥ ബന്ധങ്ങളാണ് ഈ വിദേശവനിതയ്ക്കുള്ളത്.

വിവരശേഖരണം ദുരൂഹം

സ്റ്റാർട്ടപ്പ് മിഷനിലെ ഒരു ഫെലോ എന്നതിനപ്പുറം പ്രളയ ദുരിതാശ്വാസം മുതൽ കോവിഡ് മാനേജ്മെന്റ് വരെയുള്ള പൌരന്മാരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട ഐടി വകുപ്പിന്റെ പ്രവർത്തനങ്ങളിലെല്ലാം ലാബി ജോർജ്ജ് എന്ന അമേരിക്കൻ വനിതയുടെ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന് ഇവാർത്തയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റാർട്ടപ്പ് മിഷനിലും സ്റ്റാർട്ടപ്പ് കമ്പനികളെ മെന്റർ ചെയ്ത് ലാഭത്തിലെത്തിച്ച് അവർക്ക് നിക്ഷേപങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്ന ജോലിയാണ് ലാബി ജോർജ്ജ് ചെയ്യുന്നത്. നിക്ഷേപത്തിനായി ലാബി ജോർജ്ജ് ചർച്ചകൾ നടത്തുന്നത് പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ പോലുള്ള കമ്പനികളുമായിട്ടാണ്.

ലാബിയുടെ ഭർത്താവ് യു എസിലെ ഫ്ലോറിഡയിൽ സർക്കാർ ജീവനക്കാരനാണെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങളുടെ വിവരശേഖരണവും വലിയ വിദേശകമ്പനികളുമായി ചർച്ചയും മറ്റും നടത്തുന്ന സ്ഥാനത്ത് ഇത്തരം പശ്ചാത്തലമുള്ള ഒരു വിദേശവനിതയെ നിയമിച്ചത് ദുരൂഹമാണ്.

ലാബി ജോർജ്ജ് തന്റെ കമ്പനിയായ ടോർക് ഡിജിറ്റലിന് വേണ്ടി അൻപത് ലക്ഷത്തിലധികം രൂപ മുടക്കി ക്ലാരറ്റോ എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ ഡേറ്റ ആപ്പ് നിർമിച്ചിട്ടുണ്ട്. ഈ ആപ്പ് ആരോഗ്യരംഗത്തെ ഡേറ്റ കൈകാര്യം ചെയ്യുന്നതിനായുള്ളതാണ്. ഇത്തരം വലിയ ഡേറ്റയും ബിസിനസും കൈകാര്യം ചെയ്യുന്ന ഇവർ കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷനിൽ കേവലം 80,000 രൂപ ഫെലോഷിപ്പിനായി ജോലിചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് സോഫ്റ്റ്വെയർ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. ഇതിൽ വലിയ കച്ചവട താൽപ്പര്യങ്ങൾ ഉണ്ടാകാം എന്നാണ് ആരോപണങ്ങൾ.

പ്രളയകാലത്ത് ദുരിതത്തിൽപ്പെട്ടവരുടെ വിവരശേഖരണം, ഡൽഹി കലാപകാലത്ത് ഇരകളുടെ വിവരശേഖരണം തുടങ്ങിയവ ഈ വിദേശവനിത നടത്തിയത് ദുരൂഹമാണ്. ഇപ്പോൾ സർക്കാരിന്റെ തന്നെ ഭാഗമായിക്കൊണ്ട് കോവിഡ് ബാധിതരുടെ ഡേറ്റ ഇവർ കൈകാര്യം ചെയ്യുന്നതും പ്രതിപക്ഷ നേതാവിന്റെ ചില ആരോപണങ്ങളിലെങ്കിലും കഴമ്പുണ്ടോ എന്ന് ന്യായമായും സംശയമുളവാക്കുന്ന കാര്യമാണ്.

ഇഞ്ചിപ്പെണ്ണ് എന്ന വിവാദ ഐഡി

2006 ബ്ലോഗ് കാലം മുതൽ സൈബർ ഇടങ്ങളിൽ ഇടതുവിരുദ്ധ രാഷ്ട്രീയം പറയുന്ന ഇഞ്ചിപ്പെണ്ണ് എന്ന അനോണി ഐഡി പലകാര്യങ്ങൾ കൊണ്ടും കുപ്രസിദ്ധമാണ്. ചാലക്കുടിപ്പുഴയിൽ പിരാന മത്സ്യങ്ങളുണ്ടെന്ന് പ്രചാരണം നടത്തിയത് മുതലിങ്ങോട്ടുള്ള സൈബർ യാത്രയിൽ “ഹാൾ ഓഫ് ഷെയിമിൽ” ഇടത് ചിന്തകനും അധ്യാപകനുമായ പാർത്ഥ ചാറ്റർജിയുടെ പേര് കൃത്രിമമായി ചേർക്കുന്നത് വരെയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സ്ത്രീകൾ തങ്ങൾക്ക് നേരേ അതിക്രമം കാണിച്ച വ്യക്തികളുടെ പേര് പ്രസിദ്ധീകരിക്കുന്ന പരിപാടിയായിരുന്നു ഹാൾ ഓഫ് ഷെയിം. റായ സർക്കാർ എന്ന യുവതിയാണ് ഇത് ആരംഭിച്ചത്. ഗൂഗിൾ ഡോക്യുമെന്റ് ആയിട്ടായിരുന്നു പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ തന്റെ പേര് എങ്ങനെ വന്നുവെന്ന് പാർത്ഥ ചാറ്റർജി എല്ലാ ദേശീയമാധ്യമങ്ങൾ വഴിയും പ്രസിദ്ധീകരിച്ച ലേഖനം വഴി ചോദ്യം ചെയ്തപ്പോഴാണ് ഈ ഡോക്യുമെന്റ് കൈകാര്യം ചെയ്തിരുന്നത് “ഇഞ്ചിപ്പെണ്ണ്” എന്ന അനോണി ആയിരുന്നുവെന്ന് റായ സർക്കാർ വെളിപ്പെടുത്തിയത്. പിന്നീട് ഈ ഹാൾ ഓഫ് ഷെയിം എന്ന പരിപാടിയുടെ വിശ്വാസ്യത തന്നെ ഇല്ലാതാകാൻ ഇത് കാരണമാകുകയും ചെയ്തു.

തന്നോട് സമൂഹമാധ്യമങ്ങളിൽ ചർച്ച നടത്തുമ്പോൾ തന്നെ വിമർശിക്കുന്നതുപോലും ലൈംഗിക അതിക്രമമായി ചിത്രീകരിച്ച് അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മെയിൽ അയയ്ക്കുക എന്നതും ഈ ഐഡിയുടെ സവിശേഷതയാണ്. എം ജി സർവ്വകലാശാലയിലെ സീനിയർ അധ്യാപകൻ തന്നെ മാനസികമായി പീഡിപ്പിക്കുകയും ലാബിൽ കയറാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതായി പരാതിപ്പെട്ട ദീപ പി മോഹനൻ എന്ന ദളിത് വിദ്യാർത്ഥി ഇഞ്ചിപ്പെണ്ണിനെതിരായി ഉന്നയിച്ച ആരോപണം ശ്രദ്ധേയമാണ്. ആരോടോ അവരുടെ നമ്പർ വാങ്ങി അവരെ വിളിച്ച ഇഞ്ചിപ്പെണ്ണ് ദീപയുടെ അധ്യാപകൻ അവർക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയതായി വ്യാജപരാതി ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ദീപ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഇഞ്ചി പെണ്ണ്‌ അനോണിമസ് ആയി ഇരിക്കാൻ ആഗ്രഹിക്കുന്നതിനാലും ചില പ്രവൃത്തികളിൽ ദുരൂഹത തോന്നിപ്പിക്കുന്നതിനാലും അവരെ…

Posted by Deepa P Mohanan on Monday, October 29, 2018

ഹാദിയ വിഷയം വലിയ ചർച്ചയായപ്പോൾ ഹാദിയയുടെ വീട്ടിലേയ്ക്ക് അഞ്ച് യുവതികൾ മധുരവും പുസ്തകങ്ങളുമായി പോയ പരിപാടി ആസൂത്രണം ചെയ്തതും ഇഞ്ചിപ്പെണ്ണായിരുന്നു. ഇത് ഫെയ്സ്ബുക്കിൽ ലൈവ് ചെയ്യുകയും വലിയ ചർച്ചകളിലേയ്ക്ക് പോകുകയും ചെയ്ത ഇഞ്ചിപ്പെണ്ണ് ഇപ്പോൾ ആ പോസ്റ്റുകളൊക്കെയും പബ്ലിക്കിന് കാണാൻ കഴിയാത്തവിധത്തിൽ മറച്ച് വെച്ചിരിക്കുകയാണ്.

കുട്ടികൾക്ക് നേരെയുള്ള മുതിർന്നവരുടെ ലൈംഗികാകർഷണത്തെ സ്വവർഗാനുരാഗം പോലെ സാധാരണമായ ഒരു സംഗതിയായി കാണണമെന്ന് വാദിച്ച് മുഹമ്മദ് ഫർഹാദ് എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ രംഗത്ത് വന്നപ്പോൾ അയാൾക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ ഒരാളും ഇഞ്ചിപ്പെണ്ണായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി താൻ വസ്ത്രം മാറുന്നത് കണ്ടതായും അവന്റെ ആകാംക്ഷയെ പിന്തുടരാനാണ് ഭാവമെന്നും ഇവർ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത് വിവാദമായിരുന്നു.

ഇത്തരത്തിൽ അടിമുടി വിവാദനായികയായ ഒരാളെയാണ് സ്റ്റാർട്ടപ്പ് മിഷൻ നിയമിച്ചിരിക്കുന്നത്. സ്വപ്നാ സുരേഷ് വിവാദമാണ് ഇഞ്ചിപ്പെണ്ണിന്റെ നിയമനത്തെയും ഇപ്പോൾ ചർച്ചയാക്കിയിരിക്കുന്നത്.