പൂന്തുറ പ്രശ്നമാണ്: കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി പുറത്തേക്ക് പോയവർ നിരവധി, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ദുഷ്കരം

single-img
10 July 2020

പൂന്തുറയിൽ നിന്ന് പുറത്തുപോയവരിലൂടെ മറ്റു പ്രദേശങ്ങളിലേക്കും രോ​ഗവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആശങ്ക നിലനിൽക്കുകയാണ്. നിരവധി പേരാണ് കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി പുറത്തേക്ക് കൊണ്ടുപോയിരിക്കുന്നത്. ഇവരുടെ സമ്പ‌‌ർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണെന്നാണ് വിലയിരുത്തൽ. 

വരാനിരിക്കുന്ന രണ്ടാഴ്ച നി‌ർണായകമാണ്. രോ​ഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും ന​ഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളുമെന്നാണ് സൂചനകൾ. പൂന്തുറ മേഖലയിൽ ഇന്നലെ രോഗമുണ്ടായവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ടെന്നുള്ളത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. 

 വിൽപ്പനക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. പ്രതിദിനം 500 ആന്റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. കൂടുതൽ പേരിലേക്ക് രോ​ഗം വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ കോവിഡ് ചികിത്സാ പ്രോട്ടോക്കോളിലും മാറ്റം വരുത്തിയേക്കും. രോ​ഗബാധിതരായ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റില്ല. ലക്ഷണമില്ലാത്തവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററിലേക്കാണ് മാറ്റുന്നത്.

സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവ് തുടർന്നാൽ ചികിത്സാ രീതിയിൽ മാറ്റം ആലോചിക്കുമെന്നാണ് റിപ്പോർട്ടുകൾ.