ലണ്ടനിനിലുള്ള ആ ഒരാളിൽ നിന്നും രക്തം വരണം ഓപ്പേഷൻ നടക്കാൻ: അപൂർവ്വങ്ങളിൽ അത്യപൂർവ്വ രക്തഗ്രൂപ്പുമായി കുഞ്ഞ് അനുഷ്ക

single-img
10 July 2020

കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്ന അനുഷ്‌കയെന്ന അഞ്ചുവയസ്സുകാരി രക്തത്തിനു വേണ്ടി കാത്തിരിക്കുകയാണ്. വീഴ്ചയിൽ തലയോടിനേറ്റ പരുക്കിനുള്ള ശസ്ത്രക്രിയയ്ക്കായി രക്തം കൂടിയേ മതിയാകു. പക്ഷേ എങ്ങനെ അത് കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ആരോഗ്യ പ്രവർത്തകരും കുട്ടിയുടെ മാതാപിതാക്കളും. കാരണം ഇവിടെ ആവശ്യമുള്ള രക്ത ഗ്രൂപ്പ് അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ്. ‘പി നള്‍ ഫെനോടൈപ്പ്’ എന്നറിയപ്പെടുന്ന അത്യപൂര്‍വ രക്തഗ്രൂപ്പാണ് കുഞ്ഞ് അനുഷ്‌കയുടേത്.

മെഡിക്കൽ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയില്‍ തന്നെ ആകെ രണ്ട് പേര്‍ക്ക് മാത്രമാണ് ഈ ഗ്രൂപ്പ് രക്തമള്ളത്. അതുകൊണ്ടു തന്നെ അനുഷ്കയുടെ ചികിത്സയ്ക്കായി രക്തത്തിുള്ള ആവശ്യം ആഗോള തലത്തിലേയ്ക്ക് നീളുകയാണ്. 

ഒരു വര്‍ഷം മുന്‍പാണ് അനുഷ്കയ്ക്കു പരിക്കേറ്റത്. കുട്ടി കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു. ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയതോടെ തന്നെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടു. പിനള്‍ അഥവാ പിപി എന്നറിയപ്പെടുന്ന രക്തം ലഭിച്ചാല്‍ മാത്രമേ സുപ്രധാന ശസ്ത്രക്രിയ നടത്താന്‍ കഴിയുകയുള്ളുവെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ അതത്ര എളുൃപ്പമല്ല താനും. 

2018 ല്‍ മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികില്‍സ തേടിയ ആള്‍ക്ക് മാത്രമാണ് ഇതിന് മുന്‍പ് ഈ ഗ്രൂപ്പ് രക്തം കണ്ടെത്തിയത്. ഇയാളെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടുവെങ്കിലും എബിഒ ചേരാത്തത്തിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് ഈ രക്തത്തിനു വേണ്ടിയുള്ള അന്വേഷണം ആഗോളവ്യാപകമാക്കിയത്. ലണ്ടനിലെ ഒരു ആശുപത്രിയില്‍ രക്തം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

എ,ബി, ഒ, ആർച്ച് ഡി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രക്തഗ്രൂപ്പുകൾ. എന്നാൽ ഇവയുടെ കൂട്ടത്തിൽ പെടാത്ത ഇരുന്നൂറോളം രക്തഗ്രൂപ്പുകൾ വേറെയുമുണ്ടെന്നാണ് ആതുര രംഗം പറയുന്നത്.  മനുഷ്യശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി ഇവയെ ആശ്രയിച്ചാണ് നിൽക്കുന്നത്. രക്തത്തിലെ ആൻ്റിജനുകളുടെ സാന്നിധ്യവും അസാന്നിധ്യവുമാണ് രക്ത ഗ്രൂപ്പുകളിൽ വൈവിധ്യം കൊണ്ടുവരുന്നത്. 99 ശതമാനം ആളുകളുടെയും രക്തത്തിലുള്ള ഒരു ആൻ്റിജൻ ഒരു പ്രത്യേക ഗ്രൂപ്പായി രക്തത്തിൽ ഉണ്ടാകും. അങ്ങനെയല്ലാത്ത രക്തഗ്രൂപ്പിനെയാണ് അപൂർവഗ്രൂപ്പെന്ന് വിളിക്കുന്നത്.

രാജ്യത്തെ സംബന്ധിച്ച് ഇതുവരെയുള്ള കാലഘട്ടത്തിൽ അപൂർവ്വ രക്തഗ്രൂപ്പെന്ന വിശേഷണം ലഭിച്ചത് ബോംബെ രക്ത ഗ്രൂപ്പിനാണ്.  രക്തത്തില്‍ എച്ച് എന്ന ഘടകത്തെ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു രാസാഗ്നിയുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിന് കാരണമാകുന്നത്. രക്തഗ്രൂപ്പ് നിര്‍ണയിക്കാനുള്ള പരിശോധനകളില്‍ ഈ രക്തം ഒ ഗ്രൂപ്പായാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ Oh എന്നാണ് സാധാരണ രേഖപ്പെടുത്താറുള്ളത്. ഇന്ത്യയില്‍ ഏകദേശം 500 ആളുകളില്‍ താഴെ മാത്രമാണ് ബോംബെ രക്തഗ്രൂപ്പ് കണ്ടുവരാറുള്ളത്. 

മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ളവരെ കൂടുതലായി കാണുന്നത്. 1952-ൽ ബോംബെയില്‍ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബെ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം. ഈ  രക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു എ, ബി, ഒ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് രക്തം നൽകാനോ കഴിയുകയില്ല എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ ഇതു വരെ 50 – ൽ താഴെ ബോംബെ ഗ്രൂപ്പുകാരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു എന്നു കൂടി ഓർക്കണം.