സ്വര്‍ണ്ണ കടത്ത്: സരിത്ത് കുമാറിനെയും സ്വപ്ന സുരേഷിനെയും ഒന്നും രണ്ടും പ്രതികളാക്കി എൻഐഎയുടെ എഫ്ഐആര്‍

single-img
10 July 2020

നയതന്ത്ര ചാനലിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും എന്‍ഐഎ എഫ്ഐആറില്‍ ഒന്നും രണ്ടും പ്രതികൾ.

കൊച്ചി സ്വദേശിയും, നിലവില്‍ വിദേശത്ത് ഉള്ളതുമായ ഫൈസൽ ഫരീദാണ് കേസില്‍ മൂന്നാം പ്രതി. അതേസമയം സ്വപ്ന സുരേഷിന്‍റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്. എറണാകുളം കലൂരിലുള്ള എൻഐഎ കോടതിയിലാണ് എൻഐഎ ഇവരെ പ്രതികളാക്കി എഫ്ഐആർ സമർപ്പിച്ചത്.

അന്വേഷണത്തിന്റെ തുടക്കത്തില്‍ ഫൈസൽ ഫരീദിനെ കേസിൽ കസ്റ്റംസ് പ്രതി ചേർത്തിരുന്നില്ല. പക്ഷെ ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സരിത് എൻഐഎയ്ക്ക് നൽകിയിരിക്കുന്ന മൊഴി. ഈ വ്യക്തി തന്നെയാണ് സ്വർണം കോൺസുലേറ്റിന്‍റെ വിലാസത്തിൽ കാർഗോയായി അയച്ചതെന്നും സരിത് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് എൻഐഎ എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. രാജ്യത്തിനെതിരായ ഭീകരപ്രവർത്തനത്തിനായി ആളുകളെ ചേർക്കുക, അതിലേക്ക് ഫണ്ട് ചിലവഴിക്കുക എന്നിങ്ങിനെയുള്ള ഗുരുതരകുറ്റങ്ങൾക്ക് ചുമത്തുന്ന വകുപ്പുകളാണിത്.