ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കാവി നിറമുള്ള അടയാളം പതിക്കണം: കോടതിയിൽ പൊതു താത്പര്യ ഹർജി

single-img
10 July 2020

ഗുജറാത്ത് ഹൈക്കോടതിയ്ക്കു മുന്നില്‍ വ്യത്യസ്തമായ പൊതുതാത്പര്യ ഹര്‍ജി എത്തി. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ കാവിനിറം അടയാളപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഡ്വ. യാതിന്‍ സോണിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. 

പൂര്‍ണമായും ഇന്ത്യയിൽ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് കാവിനിറമോ ഓറഞ്ച് നിറമോ ഉള്ള കോഡുകള്‍ നല്‍കണമെന്നാണ് ഹര്‍ജിയിലുള്ളത്. രാജ്യത്ത് നിര്‍മിച്ച വസ്തുക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് എളുപ്പമാകുമെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരതിനെക്കുറിച്ചുള്ള പ്രഖ്യാപനം നടന്ന ശേഷം സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ക്ക് അവ എളുപ്പം തിരിച്ചറിയാനാണ് കാവിനിറമോ ഓറഞ്ച് നിറമോ ഉള്ള കോഡുകള്‍ അടയാളപ്പെടുത്തണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്ത്യയിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്കു മാത്രമല്ല നിറഭേദം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. വിദേശത്ത് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നീല നിറമുള്ള കോഡ്, പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് ചുവന്ന നിറത്തിലുള്ള കോഡ്, വിദേശകമ്പനികളുടെ ഒരു ഉത്പ്പന്നം ഇന്ത്യയിലാണ് നിര്‍മ്മിക്കപ്പെട്ടതെങ്കില്‍ അവയ്ക്ക് മഞ്ഞ നിറത്തിലുള്ള കോഡ്, ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണെങ്കില്‍ അവയ്ക്ക് പിങ്ക് നിറത്തിലുള്ള കോഡ് എന്നിങ്ങനെയുള്ളയുള്ള കോഡുകള്‍ നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.