സ്റ്റാഫിലെ നാല് പേര്‍ക്ക് കൊവിഡ്; സ്വയം നിരീക്ഷണത്തില്‍ ഓഫീസ് പ്രവര്‍ത്തനം വീട്ടിലേക്ക് മാറ്റി ബി എസ് യെദിയൂരപ്പ

single-img
10 July 2020

കർണാടകയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സ്വയം നിരീക്ഷണത്തില്‍ മാറി. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസം മുതൽ വീട്ടിലിരുന്നാവും ഇനി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് സ്റ്റാഫുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിൽ ഇനി ഓണ്‍ലൈന്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും തന്റെ ആരോഗ്യത്തില്‍ ആരും ഭയപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗ വ്യാപനത്തെ ചെറുക്കാൻ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പ്രൊട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. പുതിയ തീരുമാനത്തെ തുടർന്ന് മുൻപ് നിശ്ചയിച്ച മറ്റ് പരിപാടികളും അദ്ദേഹം റദ്ദാക്കി. ഓഫീസിലെ കൊവിഡ് സ്ഥിരീകരിച്ച സ്റ്റാഫുമായി തനിക്ക് നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.