ഇന്ധന വില വര്‍ദ്ധനവില്‍ ആശങ്ക വേണ്ട; ചാര്‍ജ് ചെയ്യുന്ന ‘കാറും’ സോളാര്‍ ‘യുപിഎസും’ ; ഇ മൊബിലിറ്റി പദ്ധതിയുമായി അനര്‍ട്ട്

single-img
10 July 2020

പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നതില്‍ ഇനി ഏറെനാള്‍ ആശങ്കപ്പെടേണ്ടതില്ല, ഒറ്റത്തവണ ചാര്‍ജിംഗിലൂടെ 120 കിലോമീറ്റര്‍ മുതല്‍ 450 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന ഇ മൊബിലിറ്റി പദ്ധതിയുമായി അനര്‍ട്ട് രംഗത്തെത്തി. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഉപയോഗിക്കുന്ന നിലവിലുള്ള കാറുകള്‍ ഇലക്ട്രിക് കാറുകളാക്കി മാറ്റാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വകുപ്പുകള്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ഉപയോഗിക്കുന്ന ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്ക് പകരമായി ഇലക്ട്രിക് കാറുകള്‍ നല്‍കുന്നതിന് ഇ മൊബിലിറ്റി പ്രോജക്ട് എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചു. പരിസ്ഥിതി മലിനീകരണം കുറക്കുമെന്ന പ്രത്യേകതയും ഇലക്ട്രിക് വാഹനത്തിനുണ്ട്.

അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെ കരാര്‍ വ്യവസ്ഥയില്‍ നല്‍കുന്ന ഇലക്ട്രിക് കാറുകല്ലാം പുതിയതാണ്. അറ്റകുറ്റപ്പണികള്‍ ഉണ്ടാവാത്തതിനാല്‍ കയ്യില്‍ നിന്ന് കാശ് ഇടക്കിടെ ചെലവാക്കേണ്ടി വരുമെന്ന പേടിയും വേണ്ട. പദ്ധതിയുടെ ഭാഗമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പൊതു ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുവാനും അനര്‍ട്ട് ലക്ഷ്യമിടുന്നുണ്ടെന്ന് അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ മുഹമ്മദ് റാഷിദ് അറിയിച്ചു.

ഇതിനു പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 30 ശതമാനം സബ്സിഡിയോടെ ഒന്നു മുതല്‍ 25 കിലോവാട്ട് വരെ വൈദ്യുതി ശേഷിയുള്ള സോളാര്‍ ഓണ്‍ലൈന്‍ യുപിഎസ് സ്ഥാപിക്കുന്ന പദ്ധതിക്കും അനര്‍ട്ട് രൂപം നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് വൈദ്യുതി ഉപയോഗം കൂടിയ സ്ഥാപനങ്ങളില്‍ വൈദ്യുതനില സ്ഥിരതയോടെ നിലനിര്‍ത്തുന്നതിനുള്ള സംവിധാനമാണ് സോളാര്‍ ഓണ്‍ലൈന്‍ യുപിഎസ്.

സൗരോര്‍ജ്ജ നിര്‍മിതിയിലൂടെ നിലവിലെ വൈദ്യുത ബില്‍ ഗണ്യമായി കുറക്കാനും സഹായിക്കും. വൈദ്യുതി ഉപയോഗത്തിന് അനുസരിച്ച് വ്യത്യസ്ത മാതൃകയിലുള്ള ഓണ്‍ലൈന്‍ യുപിഎസുകള്‍ ലഭ്യമാണ്. നിര്‍മാണച്ചെലവിനായി 30 ശതമാനം തുക സബ്സിഡിയായി ലഭിക്കും.

കെഎസ്ഇബിയില്‍നിന്നും കാര്‍ഷിക കണക്ഷന്‍ ആയി എടുത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ കാര്‍ഷികമേഖല ഊര്‍ജ്ജസ്വലമാക്കുന്നതിനും കര്‍ഷകര്‍ക്ക് കൃഷിയോടൊപ്പം അധിക വരുമാനം ലഭിക്കുന്നതിനുമായി സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതിക്കും അനര്‍ട്ട് നേതൃത്വം നല്‍കുന്നുണ്ട്. ഇങ്ങനെ സ്ഥാപിക്കുന്ന സോളാറില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് നല്‍കി വരുമാനമുണ്ടാക്കാം. പദ്ധതികളുടെ കൂടുതല്‍ വിവരങ്ങള്‍ www.anert.gov.in എന്ന വെബ്സൈറ്റില്‍ നിന്നും 9188119411, 0495 2373764 നമ്പറുകളിലും ലഭിക്കും.